യമനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് വിദേശ രാജ്യങ്ങള്‍

ന്യൂഡല്‍ഹി : കലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് വിദേശ രാജ്യങ്ങളും. 26 വിദേശ രാജ്യങ്ങളാണ് സഹായം ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ് ,ജര്‍മ്മനി, ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.

കലാപം രൂക്ഷമായ യെമനില്‍ നിന്ന് ഇതുവരെ 3000 ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവന്നിരുന്നു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ മന്ത്രാലയങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ജനങ്ങളെ എങ്ങനെ സേവിക്കണം എങ്ങനെ സഹായിക്കണം എന്നതിനുള്ള മികച്ച മാതൃകയാണ് യെമനില്‍ നിന്ന് ഇത്രയും പേരെ തിരിച്ചു കൊണ്ടുവന്നതിലൂടെ ഇന്ത്യ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത്. നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിനേയും വി കെ സിംഗിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

മുന്നൂറോ നാന്നൂറോ ഇന്ത്യാക്കാര്‍ യെമനില്‍ അവശേഷിച്ചിരിക്കുന്നുണ്ടെന്നും , സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം പിന്തുണ നല്‍കുമെന്നും വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു.

Top