യമനില്‍ സൗദി സഖ്യസേന വ്യോമാക്രമണം പുനരാരംഭിച്ചു. ഹൂതികള്‍ക്കെതിരെയുള്ള ആദ്യഘട്ട ആക്രമണം നിര്‍ത്തിയെന്നും രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു.ഹൂതികള്‍ ഉപയോഗിച്ചിരുന്ന ടാങ്കുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഏദന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നായക് അല്‍ ബക്രി അറിയിച്ചു. ഏദനിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള തായിസ് നഗരത്തിലും വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഹുതയിലും ദലേഹിലും മറ്റ് വടക്കന്‍ പ്രദശങ്ങളിലുമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. യമന്റെ വ്യോമമേഖലയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാ!ഴ്ച അര്‍ധ രാത്രിയോടെ യമനില്‍ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് സൗദി സഖ്യസേന അറിയിച്ചിരുന്നു. സഖ്യസേനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും പൗരന്‍മാരുടെ സുരക്ഷക്കായി റിന്യൂവല്‍ ഓഫ് ഹോപ്പ് എന്ന പേരില്‍ രണ്ടാംഘട്ട ഓപ്പറേഷന്‍ നടത്തുമെന്നുമാണ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പറഞ്ഞിരുന്നത്.
എന്നാല്‍ വ്യോമാക്രമണത്തിനുള്ള സാധ്യത തളളിക്കളയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹൂതികളുടെ ആയുധശേഖരവും മിസൈലുകളും നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചിരുന്നു. ആക്രമണത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി രംഗത്തെത്തിയിരുന്നു.
യമനില്‍ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ 944 പേര്‍ കൊല്ലപ്പെട്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളെത്തുടര്‍ന്ന് യമനില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ജലക്ഷാമമവും ആരോഗ്യപ്രശ്‌നങ്ങളും യമനിലെ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.