യാചകര്‍ക്കും ഇനി സ്വന്തം ബാങ്ക്

ഗയ: നഗരത്തിലെ മാ മംഗളാപുരി ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നിന്നുള്ള തുട്ടുകളെ ആശ്രയിച്ചു കഴിയുന്ന യാചകരാണ് ഈ നൂതന സംരംഭത്തിന് പിന്നില്‍. വര്‍ഷങ്ങളായി ഇവിടെ യാചനയില്‍ ഏര്‍പ്പെട്ട 40 പേരാണ് ബാങ്കില്‍ ഇപ്പോള്‍ അക്കൗണ്ട് എടുത്തിട്ടുള്ളത്. യാചകര്‍ക്ക് വേണ്ടി അവര്‍ തന്നെ സ്ഥാപിച്ച യാചകരുടെ സ്വന്തം ബാങ്കിന്റെ പേരിലാകും ഇനി ബീഹാറിലെ ഗയ അറിയപ്പെടുക. ഭിക്ഷ കിട്ടാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തില്‍ അംഗങ്ങള്‍ക്ക് കൈത്താങ്ങാകാനാണ് ബാങ്ക് തുടങ്ങിയത്.

കഷ്ടകാലങ്ങളില്‍ അംഗങ്ങള്‍ക്ക് ബേങ്ക് വായ്പ നല്‍കും. മംഗളാപുരി ക്ഷേത്രത്തിനടുത്താണ് ബേങ്ക് എന്നതിനാല്‍ പേരിന് അധികം ചിന്തിക്കേണ്ടി വന്നില്ല. മംഗളാ ബേങ്ക്. 40 യാചകരാണ് ബേങ്കിന് പിന്നിലുള്ളതെന്ന് അംഗമായ രാജ് കുമാര്‍ മഞ്ജി പറഞ്ഞു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ശരിയാണെന്നും ആറ് മാസം മുമ്പ് തന്നെ ബേങ്ക് നിലവില്‍ വന്നിരുന്നുവെന്നും മഞ്ജി പറഞ്ഞു. മഞ്ജിയാണ് ബേങ്കിന്റെ മാനേജര്‍. മാനേജറാകാനുള്ള വിവരമൊക്കെ തനിക്കുണ്ടെന്ന് പറഞ്ഞ മഞ്ജി തികച്ചും ലളിതമാണ് ബേങ്കിന്റെ പ്രവര്‍ത്തനമെന്നും പറയുന്നു. എല്ലാ ചൊവ്വാഴ്ചയും അംഗങ്ങള്‍ 20 രൂപ ബേങ്കില്‍ നിക്ഷേപിക്കണം. അതുവഴി പ്രതിവാര നിക്ഷേപം 800 രൂപയാകുമെന്നും മാനേജര്‍ പറഞ്ഞു.

ബേങ്കിന് സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നാണ് മഞ്ജി അവകാശപ്പെടുന്നത്. പൊതു സമൂഹം തങ്ങളുടെ ഈ ഉദ്യമത്തെ അപഹസിക്കുകയാണെന്ന് ബേങ്കിന്റെ സെക്രട്ടറി മാലതി ദേവി പറഞ്ഞു.സമൂഹത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന് പരിഹാരമായാണ് ബേങ്ക് ആരംഭിച്ചതെന്നും കൂടുതല്‍ യാചകരെ ബേങ്കില്‍ അക്കൗണ്ട് തുറക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മാലതി ദേവി പറഞ്ഞു. കൂടുതല്‍ യാചകര്‍ ബേങ്കിന്റെ അക്കൗണ്ടെടുത്താന്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള അംഗങ്ങളില്‍ മിക്കവര്‍ക്കും ബി പി എല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. മഞ്ജിയുടെ ഭാര്യ നഗിനാ ദേവിയാണ് ബേങ്കിന്റെ ട്രഷറര്‍. വണാരിക് പാസ്വാന്‍ ആണ് ഏജന്റ്. പണം കൃത്യമായി പിരിക്കലാണ് ചുമതലയെന്ന് പാസ്വാന്‍ പറഞ്ഞു. വായ്പക്ക് രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. ബേങ്ക് വന്നതു മൂലം ഭിക്ഷ എടുത്തുകിട്ടുന്ന തുക അല്‍പ്പമെങ്കിലും സമ്പാദ്യമാക്കാന്‍ കഴിയുന്നുവെന്ന സന്തോഷത്തിലാണ് ഇവിടുത്തെ യാചകര്‍

Top