വെല്ലിംഗ്ടണ്‍: ലോകകപ്പില്‍ യുഎഇയെ 146 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 341 റണ്‍സ് അടിച്ചുകൂട്ടി. വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന യുഎഇയുടെ പോരാട്ടം 47.1 ഓവറില്‍ 195 റണ്‍സില്‍ അവസാനിച്ചു.
കളിച്ച ആറ് മത്സരങ്ങളില്‍ നാല് വിജയം നേടി എട്ടു പോയിന്റുമായാണ് ദക്ഷിണാഫ്രിക്കക്വര്‍ട്ടറില്‍ കടന്നത്. കളിച്ച അഞ്ച് മത്സരവും തോറ്റ യുഎഇയ്ക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്രമാണ് മത്സരമുള്ളത്.
57 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വപ്നില്‍ പാട്ടീല്‍ മാത്രമാണ് യുഎഇ നിരയില്‍ പൊരുതിയത്. ഷൈമാന്‍ അന്‍വര്‍ 39 റണ്‍സും അംജദ് അലി 21 റണ്‍സും നേടി. രണ്ടു വിക്കറ്റ് വീതം നേടിയ ഫിലാന്‍ഡര്‍, മോര്‍ക്കല്‍, ഡിവില്ലിയേഴ്‌സ് എന്നിവരാണ് യുഎഇയെ തകര്‍ത്തത്.
ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്‌സ് തിളങ്ങിയപ്പോഴാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ലഭിച്ചത്. സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഡിവില്ലിയേഴ്‌സ് 87 പന്തില്‍ ആറു ഫോറും നാലു സിക്‌സും പറത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫര്‍ഹാന്‍ ബഹര്‍ദ്ദീന്റെ ഇന്നിംഗ്‌സാണു ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബഹര്‍ദ്ദീന്‍ 31 പന്തില്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ (49), റില്ലീ റൂസ്വോ (43) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. യുഎഇക്കു വേണ്ടി മുഹമ്മദ് നവീദ് മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റും 99 റണ്‍സും നേടിയ ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.