രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി നരേന്ദ്ര മോഡി അബുദാബിയിലെത്തി

ന്യൂഡല്‍ഹി:രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ നേരിട്ട് സ്വീകരിച്ചു. അബുദാബി ഏയര്‍പോര്‍ട്ടില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യുഎഇ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇന്ത്യന്‍ അംബസിഡര്‍ ടിപി സീതറാമും മോദിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. പ്രോട്ടോകോള്‍ തെറ്റിച്ചാണ് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയത്.

തുടര്‍ന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് താമസ സൗകര്യമൊരുക്കിയ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെത്തി. വൈകിട്ട് ആറരയ്ക്ക് ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദര്‍ശിക്കുന്നതോടെയാണ് മോദിയുടെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ പ്രധാന മുസ്ലിം പള്ളികളിലൊന്നുമാണിത്.

ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഖബറിടം സന്ദര്‍ശിച്ചശേഷം അബുദാബിയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ താമസിക്കുന്ന ഐക്കാഡ് സിറ്റിയിലെ ലേബര്‍കാംപിലേക്കായിരിക്കും പ്രധാനമന്ത്രി പോവുക.

അറുപതിനായിരം തൊഴിലാളികള്‍ താമസിക്കുന്ന കാംപില്‍ 55 ശതമാനവും ഇന്ത്യക്കാരാണ്. മോദിയുടെ സന്ദര്‍ശനത്തെ ആവശത്തോടെയാണ് തൊഴിലാളികള്‍ ഉറ്റുനോക്കുന്നത്. ലേബര്‍ കാംപിലെത്തുന്ന നരേന്ദ്രമോദി 300 തൊഴിലാളികളുമായി ഒരുമണിക്കൂര്‍ സംവദിക്കും.

തുച്ചമായ വരുമാനത്തിന് ജോലിചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. യുഎഇയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലേബര്‍കാംപ് സന്ദര്‍ശിക്കുന്നത്.

Top