ന്യൂയോര്‍ക്ക്: ഇന്‍ഡോ-സ്വിസ് ജോഡിയായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ ഡബിള്‍സില്‍ ഒന്‍പതാം സീഡായ ചൈനീസ് തായ്‌പെയുടെ യുങ് യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം സീഡും വിംബിള്‍ഡണ്‍ ചാമ്പ്യന്മാരുമായ സാനിയയും ഹിംഗിസും തോല്‍പിച്ചത്. സ്‌കോര്‍: 76 (5), 61. മത്സരം 25 മിനിറ്റ് നീണ്ടുനിന്നു. ആകെയുള്ള 121 പോയിന്റില്‍ 70 പോയിന്റും സാനിയയും ഹിംഗിസും നേടി.
ഇറ്റലിയുടെ പതിനൊന്നാം സീഡായ സോര എറാനിഫ്-ലൂവിയ പെന്നെറ്റ സഖ്യമാണ് സെമിയില്‍ സാനിയ-ഹിംഗിസ് ടീമിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ ലാറ അറുവബറേന -ആന്ദ്രേജ ക്ലെപാക് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 60, 57, 62.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കര്‍മാന്‍ കൗര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ റഷ്യയുടെ യെവ്‌ജെനിയ ലേവാഷോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് കര്‍മാന്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 62, 46, 63. ഹംഗറിയുടെ രണ്ടാം സീഡായ ഡാല്‍മ ഗാല്‍ഫിയാണ് മൂന്നാം റൗണ്ടില്‍ കര്‍മാന്റെ എതിരാളി.
മറ്റൊരു ഇന്ത്യന്‍ താരമായ പ്രാഞ്ജാല യാദ്‌ലപ്പള്ളി ജൂനിയര്‍ പെണ്‍കുട്ടിളകുടെ ഡബിള്‍സില്‍ പുറത്തായി. മെക്‌സക്കോയുടെ ജെസ്സിക്ക ഹിനോജോസ ഗോമസിനൊപ്പം കളിച്ച പ്രഞ്ജാല അമേരിക്കന്‍ ജോഡിയായ ടൊര്‍ണാഡോ അലിസിയ ബ്ലാക്ക്ഇന്‍ഗ്രിഡ് നീല്‍ ജോഡിയോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 16, 06.