യുമി മുന്‍നിര സ്മാര്‍ട്ട്ഫോണായ ‘യുമി അയണ്‍ പ്രോ’ വിപണിയിലിറക്കി. ഐറിസ് സ്കാനര്‍, ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നിവയോടു കൂടിയ മുന്തിയ സുരക്ഷ ഉറപ്പാക്കുന്ന ഫോണായ യുമി അയണ്‍ പ്രോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്മാര്‍ട്ട്ഫോണ്‍ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.
മോണോബ്ലോക്ക് ഡിസൈന്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഫോണ്‍ എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഈ ഉപകരണം 4 ജി എല്‍ടിഇ കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നതാണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഈ ഫോണില്‍ നാനോ സിമ്മുകളാണ് സപ്പോര്‍ട്ട് ചെയ്യുക. 1920 x 1080 പിക്സെല്‍ റെസലൂഷന്‍ നല്കുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയോടെയാണ് യുമി അയണ്‍ പ്രോ എത്തുന്നത്.
1.7 ജിഗാ ഹെട്സ് വേഗത നല്കുന്ന ഒക്ടകോര്‍ മീഡിയടെക്ക് MT6753 പ്രോസസര്‍ കരുത്തേകുന്ന ഫോണിന് 3 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യുമി അയണ്‍ പ്രോ സമാര്‍ട്ട്ഫോണ്‍ സയനോജന്മോഡ്, MIUI പോലുള്ള വൈവിധ്യമാര്‍ന്ന കസ്റ്റം റോമുകളുടെ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.
f/ 2.0 അപെര്‍ച്ചര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ്, സോണി IMX 214 സെന്‍സര്‍, ഓട്ടോ ഫോക്കസ് ക്യാമറ എന്നീ പ്രത്യേകതകളുള്ള ഒരു 13 എംപി റിയര്‍ ക്യാമറയാണ് യുമി അയണ്‍ പ്രോയുടേത്. 8 എംപി വ്യക്തത നല്കുന്ന മുന്‍ ക്യാമറക്ക് എല്‍ഇഡി ഫ്ളാഷും ലഭ്യമാണ്. മികച്ച ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്ന ഈ അതി നൂതന ബയോമെട്രിക് സെക്യുരിറ്റി അധിഷ്ഠിത സ്മാര്‍ട്ട് ഫോണ്‍ 3100 എം.എ.എച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. പതിനായിരം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഉടന്‍ വിപണിയിലെത്തും.