നിലമ്പൂര്‍: യുവ ഡോക്ടര്‍ പി.സി ഷാനവാസിന്റെ മരണത്തില്‍ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് എടവണ്ണ പോലീസ് അന്വേഷണം നടത്തുന്നത്. ഷാനവാസിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടുകൂടി ലഭിച്ച ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.
സ്ഥലം മാറ്റിയ അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതിനിടെയാണ് കൊലപാതക സാധ്യതയിലേക്ക് വെളിച്ചം വീശുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.