യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട്: ‘മതേതര ഭാരതത്തിനായി യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം 22 മുതല്‍ 27 വരെ കോഴിക്കോട്ട് നടത്തും. വിപുലമായ പരിപാടികളാണ് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്.
22ന് വര്‍ഗീയതയ്‌ക്കെതിരായ ആഹ്വാനം ക്യാന്‍വാസില്‍ ഉള്‍ക്കൊള്ളിക്കുന്ന ‘അവന്റ്ഗാര്‍ഡ്’ കോഴിക്കോട്ട് നടത്തും. ജി. കാര്‍ത്തികേയന്റെ ഛായാചിത്രം വഹിച്ച ജാഥ 23നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്.എം. ബാലു, ജി. ലീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കും. 24നു കാസര്‍ഗോട്ട് തുടക്കമാവുന്ന കൊടിമരജാഥയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.പി. ആദം മുല്‍സി, വിദ്യ ബാലകൃഷ്ണന്‍ എന്നിവരും, പാലക്കാട് നിന്ന് ദീപശിഖാ പ്രയാണം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇഫ്തിക്കറുദ്ദീന്‍, അനീഷ് വരിക്കണ്ണാമല എന്നിവരും, വൈക്കത്തുനിന്ന് പതാക ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ടി.ജി. സുനില്‍, ജെബി മേത്തര്‍ എന്നിവരും നയിക്കും. എല്ലാ ജാഥകളും 25ന് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് തയാറാക്കിയ വേദിയില്‍ സംഗമിക്കും. 24ന് കോഴിക്കോട്ട് സിംപോസിയം.
26നു വൈകിട്ട് അഞ്ചിന് ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും കോഴിക്കോട് കടപ്പുറത്ത്. രാഹുല്‍ ഗാന്ധി യുവജനറാലിയെയും പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് അമരീന്ദര്‍ സിംഗ് ബ്രാര്‍രാജ, സൂരജ് ഹെഗ്‌ഡെ തുടങ്ങിയവര്‍ പങ്കെടുക്കും.

Top