ആംസ്റ്റര്‍ഡം/നിക്കോസിയ/ഫയറന്‍സ്: അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ കരുത്തരായ ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ക്രൊയേഷ്യ ഇറങ്ങും. ഈ ദിവസങ്ങളിലെ മത്സരങ്ങളിലെ വിജയത്തോടെ ഒന്നാം സ്ഥാനക്കാര്‍ക്കു അടുത്തവര്‍ഷത്തെ യൂറോ കപ്പിനു യോഗ്യത ഉറപ്പിക്കാം.
യോഗ്യത റൗണ്ടില്‍ ഇതുവരെ ആറു മത്സരം പൂര്‍ത്തിയായി. ഇനിയുള്ള ദിവസങ്ങളിലെ വിജയികള്‍ യോഗ്യത ഉറപ്പാക്കും. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സ് ആംസ്റ്റര്‍ഡമില്‍വച്ച് പോയിന്റ് നിലയില്‍ ഒന്നാമതുള്ള ഐസ്‌ലന്‍ഡിനെ നേരിടും. രണ്ടാം സ്ഥാനത്തുള്ള ചെക് റിപ്പബ്ലിക് കസാഖിസ്ഥാനെയും തുര്‍ക്കി ലാത്വിയയെയും നേരിടും.
ഐസ്‌ലന്‍ഡിനെതിരേ റെയ്ക്ജാവികില്‍ നടന്ന എവേ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെട്ടിരുന്നു. സ്വന്തം കാണികളുടെ മുന്നില്‍ പകരം വീട്ടാനുള്ള അവസരമാണ് നെതര്‍ലന്‍ഡ്‌സിനു ലഭിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിനുവേണ്ടി 49 ഗോള്‍ തികച്ച റോബിന്‍ വാന്‍ പേഴ്‌സിക്ക് ഒരു ഗോള്‍ തികച്ചാല്‍ അര്‍ധശതകമാകും. ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഒന്നാം സ്ഥാനത്തു തുടരുന്ന വെയില്‍സ് സൈപ്രസുമായുമായി ഏറ്റുമുട്ടും.
അടുത്ത രണ്ട് മത്സരം കൂടി ജയിച്ചാല്‍ വെയില്‍സ് യൂറോ യോഗ്യത നേടും. 1958 ലോകകപ്പിനുശേഷം ആദ്യമായാകും വെയില്‍സ് ഒരു പ്രധാന ടൂര്‍ണമെന്റിനു യോഗ്യത നേടുക. ബെല്‍ജിയം ബോസ്‌നിയയെയും ഇസ്രയേല്‍ ആന്‍ഡോറയെയും നേരിടും. ഗ്രൂപ്പ് എച്ചില്‍ കരുത്തരായ ഇറ്റലി മാള്‍ട്ടയെ നേരിടും.
ഗ്രൂപ്പ് എച്ചിലെ മറ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ അസര്‍ബൈജാനെ നേരിടും. ഇതില്‍ ഇറ്റലിയും ക്രൊയേഷ്യയും ഒരു മത്സരം പോലും തോറ്റിട്ടില്ല. നോര്‍വെ ബള്‍ഗേറിയയുമായി ഏറ്റുമുട്ടും.