സീതാറാം യെച്ചൂരിയില്‍ കണ്ണും നട്ട് വി.എസ് ; പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ‘തീ’പാറും..

ന്യൂഡല്‍ഹി:വി.എസിന്റെ അവസാനത്തെ പ്രതീക്ഷ സീതാറാം യെച്ചൂരിയില്‍. പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ളവനെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിന്‍വലിക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാതെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായാല്‍ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മിന്റെ ഈ സ്ഥാപക നേതാവ്.

വിജയവാഡയില്‍ അടുത്തമാസം 14മുതല്‍ 19 വരെ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ യെച്ചൂരി പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയാകുമെന്നാണ് കരുതപ്പെടുന്നത്. പോളിറ്റ് ബ്യൂറോ – സെന്‍ട്രല്‍ കമ്മിറ്റി തീരുമാനങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ പറ്റുമെന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി.

പ്രകാശ് കാരാട്ടിനെപോലെ തന്നെ ഡല്‍ഹി ജെഎന്‍യുവിന്റെ സന്തതിയാണ് യെച്ചൂരിയും. എസ്എഫ്‌ഐ നേതൃത്വത്തില്‍ നിന്നാണ് ഇരുവരും രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതിയിലെത്തിയത്. ഒരേ ക്ലാസ്സില്‍ പഠിച്ച് കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളുമായി വന്ന ഇരുവര്‍ക്കും നിലപാടുകളില്‍ പക്ഷേ പലതിലും വ്യത്യസ്ത നിലപാടാണ് ഉള്ളത്.

തന്റെ നിലപാട് വ്യക്തമാക്കാന്‍ വി.എസിന്റെ മാതൃകയില്‍ തിരുത്തല്‍ കത്ത് നല്‍കിയ യെച്ചൂരിയുടെ നടപടി സിപിഎമ്മില്‍ വലിയ വിവാദമായിരുന്നു. പാര്‍ട്ടി സമീപനങ്ങളിലെ ഈ ‘തിരുത്ത്’ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിമരുന്നിടാനാണ് സാധ്യത.

വി.എസിനെതിരെ കടുത്ത നടപടിയ്ക്ക് പാര്‍ട്ടി കേന്ദ്ര നേതൃത്വം തയ്യാറാകാത്തത് ചൂണ്ടിക്കാട്ടി നേതൃത്വത്തെ പൊതുചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുള്‍മുനയില്‍ നിര്‍ത്തും.

പാര്‍ട്ടി കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും പാര്‍ട്ടി സമ്മേളനം ബഹിഷ്‌ക്കരിച്ചും വി.എസ് സംസ്ഥാനത്തെ പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന വാദമാണ് കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ഉയര്‍ത്തുക.

വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ പൊതു ചര്‍ച്ചയിലെ വികാരം ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

പ്രായാധിക്യ കാരണം പറഞ്ഞ് വി.എസിനെ ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദ്ദം തന്നെ കേരള നേതാക്കളില്‍ നിന്നുണ്ടാകും. ഇത്രയും കടുത്ത അച്ചടക്ക ലംഘനം നടത്തിയിട്ടും വി.എസ് കേന്ദ്രകമ്മിറ്റിയില്‍ തുടര്‍ന്നാല്‍ പി.ബി കമ്മീഷനുപോലും പ്രസക്തിയുണ്ടാവില്ലായെന്ന വാദമായിരിക്കും അവര്‍ ഉയര്‍ത്തുക.

അതേസമയം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം നടന്ന ഒട്ടുമിക്ക കേന്ദ്ര കമ്മിറ്റി യോഗങ്ങളിലും കൃത്യമായി പങ്കെടുക്കുകയും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വി.എസിനെ ‘അനാരോഗ്യം’ കാരണമാക്കി മാറ്റാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അത്ര പെട്ടെന്ന് കഴിയില്ല.

സീതാറാം യെച്ചൂരി, തൃപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍, ബംഗാള്‍ ഘടകം എന്നിവരുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായി വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മാറ്റി ക്ഷണിതാവാക്കി പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമിക്കാനും സാധ്യതയുണ്ട്. പക്ഷേ ഈ നീക്കത്തോടും സംസ്ഥാന ഘടകം വിയോജിക്കാനാണ് സാധ്യത.

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസ്. പുറത്താക്കപ്പെട്ടാല്‍ സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുള്ള സീറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും. ഇത് സംഘടനാപരമായി വി.എസിന് കനത്ത തിരിച്ചടിയാണ്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നടക്കം വി.എസിനെ മാറ്റാനും നിയന്ത്രിക്കാനും ഇതുവഴി നിഷ്പ്രയാസം സംസ്ഥാന നേതൃത്വത്തിന് കഴിയുകയും ചെയ്യും. ഈ അപകടം മുന്നില്‍ കണ്ട് ഏത് വിധേനയും കേന്ദ്രകമ്മിറ്റിയില്‍ തുടരാന്‍ സാധ്യമായ മാര്‍ഗ്ഗങ്ങള്‍ വി.എസ് തേടുമെന്നാണ് സൂചന.

അരുവിക്കരയില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്‍നിര്‍ത്തി വി.എസിനെ പ്രകോപിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

കേന്ദ്ര കമ്മിറ്റിയില്‍ വി.എസ് തുടരുകയും അഖിലേന്ത്യാ സെക്രട്ടറിയായി സീതാറാം യച്ചൂരി വരികയും ചെയ്താല്‍ വിവാദ പ്രമേയമടക്കമുള്ള കാര്യങ്ങളില്‍ വി.എസിന്റെ മാര്‍ഗ്ഗ തടസ്സം തകര്‍ക്കപ്പെടുമൊണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top