യെച്ചൂരി നയിക്കും; 91 അംഗ കേന്ദ്ര കമ്മിറ്റി, പിബിയില്‍ നാല് പുതുമുഖങ്ങള്‍

വിശാഖപട്ടണം: സിപിഎമ്മിനെ സീതാറാം യെച്ചൂരി നയിക്കും. 91 അംഗ പുതിയ കേന്ദ്ര കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഇതില്‍ 16 പേര്‍ പുതുമുഖങ്ങള്‍. 10 പേര്‍ ക്ഷണിതാക്കളാണ്. 16 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി.

പിബിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം. ഹന്നന്‍ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുതായി എ കെ ബാലന്‍, എളമരം കരിം എന്നിവരുണ്ട്. ഇവര്‍ക്കുപുറമെ ഡല്‍ഹിയില്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മുരളീധരന്‍, വിനു കൃഷ്ണന്‍ എന്നിവരും പുതിയ സിസിയിലുണ്ട്.

പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എം എ ബേബി, എ കെ പത്മനാഭന്‍, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍.

ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ കെ വരദരാജന്‍ എന്നിവര്‍ പുതിയ പിബിയിലില്ല. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 89 അംഗങ്ങളാണുണ്ടായിരുന്നത്.

Top