യെമനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം പിടിച്ചെടുത്തതായി വിമത ഷിയാ വിഭാഗം

സന: യെമനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് താല്‍ക്കാലിക ഭരണ സംവിധാനം ഏര്‍പ്പെടുത്തിയതായി വിമത ഷിയാ വിഭാഗം അറിയിച്ചു. രണ്ട് വര്‍ഷത്തേക്ക് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 551 അംഗങ്ങള്‍ അടങ്ങിയ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും വിമതര്‍ അറിയിച്ചു. ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് യെമന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി ഹൗദ്ദികള്‍ പ്രഖ്യാപിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ ഉണ്ടെന്നും അവരെ കൂടി ഉള്‍പ്പെടുത്തിയാകും നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കുകയെന്നും ഹൗദ്ദി നേതാവ് അഹ്മദ് അല്‍ ബഹ്രി പറഞ്ഞു.

അതേസമയം സന കൈയ്യടക്കി നിയന്ത്രിക്കുന്നത് പോലെ രാജ്യം മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന അഭിപ്രായം വിമതര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 22ാം തീയതി ഹൗദ്ദികള്‍ സനായിലെ പ്രസിഡന്‍ഷ്യല്‍ പാലസും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പിടിച്ചടക്കുകയും പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെയും ക്യാബിനറ്റ് അംഗങ്ങളെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

Top