യോഗ്യതയുള്ളവരെ മാത്രം വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് കെഎസ്‌യു

തൃശൂര്‍: സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് കെ.എസ്.യു. വി.സിമാരെ നിയമിക്കുമ്പോള്‍ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമാക്കേണ്ടതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ജോയ് പറഞ്ഞു. പല വിസിമാരും സര്‍വകലാശാലകളില്‍ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. അനര്‍ഹര്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ തുടരാന്‍ കഴിയില്ലയെന്നത് എം.ജി വൈസ് ചാന്‍സലറുടെ കാര്യത്തില്‍ നിന്ന് വ്യക്തമായതാണെന്നും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ മനസിലാക്കാതെയാണ് കാലിക്കറ്റ് സര്‍വകലാശാല വി.സി പ്രവര്‍ത്തിക്കുന്നതെന്നും ജോയ് കുറ്റപ്പെടുത്തി. സ്വയംഭരണാധികാരമുള്ള കോളജുകള്‍ ഉള്‍പ്പെടെയുള്ള കോളജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയമപരമായ അവകാശമാക്കി മാറ്റുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഠിപ്പുമുടക്കി സമരം നടത്തില്ലെന്നു പ്രഖ്യാപിച്ച എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തില്‍ നിന്നു കൂടി പിന്മാറുമെന്ന് പ്രഖ്യാപിക്കണം.

Top