യോഗ ഗുരു ബാബ രാംദേവ് രാജ്യം മുഴുവന്‍ സ്‌കൂളുകള്‍ ആരംഭിക്കാനൊരുങ്ങുന്നു

ഹരിദ്വാര്‍: യോഗയും ആയുര്‍വേദവും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളും ജനകീയമാക്കിയ യോഗഗുരു ബാബ രാംദേവ് വിദ്യാഭ്യാസ മേഖലയിലും ഒരു കൈനോക്കുന്നു. വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള രീതിക്ക് മാറ്റം വരുത്താന്‍ രാജ്യത്തുട നീളം സ്‌കൂളുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ബാബ രാംദേവ്.

ആദ്യഘട്ടത്തില്‍ 500 സ്‌കൂളുകളാണ് രാംദേവ് സ്ഥാപിക്കുന്നത്. ആധുനികവും വേദയിലുള്ള വിദ്യാഭ്യാസവുമാണ് ബാബ രാംദേവിന്റെ സ്‌കൂളുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഹരിദ്വാറില്‍ ആചാര്യകുലം എന്ന പേരില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ 400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതേപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്‌കൂളുകള്‍ ആരംഭിക്കാനാണ് പദ്ധതി.

സ്‌കൂള്‍ ആരംഭിക്കാനുള്ള അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടല്ല. അംഗീകാരം ലഭിച്ചില്ലെങ്കില്‍ സി.ബി.എസ്.ഇ യെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സ്വയംഭരണ ബോര്‍ഡ് ഉണ്ടാക്കുമെന്ന് രാംദേവ് അറിയിച്ചിട്ടുണ്ട്.

‘ആചാര്യകുലം നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സ്‌കൂളില്‍ നിന്ന് പരിശീലനം ലഭിക്കും. പുരാതന ശാസ്ത്രത്തെ ആധുനിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സന്യാസിമാരെ പോലെ പെരുമാറും’.

തത്വശാസ്ത്രം, ഉപനിഷത്, വേദ, വേദിക് ലിറ്ററേച്ചര്‍, വേദിക് മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ഈ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസം ലഭിക്കും.

ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ഹസാരിബാഗ് അലി സയ്ദ്പൂര്‍ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന രാം കൃഷ്ണ യാദവ് എന്ന ബാബ രാംദേവിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ഇന്ന് ആയിരക്കണക്കിനു കോടികളുടെ ആസ്തിയുള്ള ബാബ രാംദേവിന് സ്‌കോട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമായുണ്ട്. അതിന് ഏകദേശം 20 ലക്ഷം പൗണ്ട് വിലവരും.

Top