ബോളിവുഡിലെ കലക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള ആമിര്‍ ഖാന്‍ ചിത്രം പികെയുടെ തേരോട്ടം തുടങ്ങിക്കഴിഞ്ഞു. രണ്ടു ദിവസം കൊണ്ട് 55 കോടിയാണ് പികെ ഇന്ത്യയില്‍ നിന്നുമാത്രം കലക്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് 50 കോടി രൂപ കലക്റ്റ് ചെയ്യുന്ന 2014ലെ നാലാമത്തെ ചിത്രമായി പികെ. ഷാരൂഖ് ഖാന്‍ നായകനായ ഹാപ്പി ന്യൂ ഇയര്‍, അജയ് ദേവ് ഗണിന്റെ സിങ്കം റിട്ടേണ്‍സ്, സല്‍മാന്‍ ഖാന്റെ കിക്ക് എന്നിവയാണ് ഇതിനു മുന്‍പ് രണ്ടു ദിവസം കൊണ്ട് 50 കോടി രൂപ കലക്റ്റ് ചെയ്യുന്നത്. രണ്ടാം ദിവസം മാത്രം 29 കോടിയാണ് ചിത്രം നേടിയതെന്നും ബോളിവുഡിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആദ്യ ദിവസം 26 കോടിയാണ് ചിത്രം കലക്റ്റ് ചെയ്തത്. നഗരങ്ങളിലെ പ്രേക്ഷകരാണ് ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ക്രിസ്മസ് അവധി ആരംഭിക്കുന്നതിനാല്‍ കലക്ഷന്‍ സ്റ്റഡിയായിരിക്കും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പികെ 100 കോടി ക്ലബിലും ഇടം നേടും. ഈ രീതിയില്‍ കലക്ഷന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ബോളിവുഡിലെ എല്ലാ കലക്ഷന്‍ റെക്കോഡുകളും പികെ തകര്‍ക്കും. വിവാദങ്ങളും സിനിമയുടെ വലിയ വിജയത്തിന് സഹായകമായി. പികെയുടെ പോസ്റ്ററില്‍ ട്രാന്‍സിസ്റ്റര്‍ കൊണ്ടു നഗ്‌നത മറച്ചു ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം സിനിമയുടെ വിജയത്തെ സഹായിച്ചതായാണ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെയില്‍ അനുഷ്‌ക ശര്‍മയാണ് നായിക. സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ സിനിമയിലുണ്ട്.