എസ്.പി ശ്രീനിവാസന് രണ്ട് വര്‍ഷത്തിനിടെ ആറ് സ്ഥലംമാറ്റം; അപമാനിച്ചത് കോടതിയെ

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഐപിഎസുകാരെ പന്ത് തട്ടി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എസ്പിമാരുടെ സ്ഥലംമാറ്റം പരസ്യമായ കോടതിവിധി ലംഘനമാണ്. ക്രമസമാധാന ചുമതലയില്‍ നിയമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മതിയായ കാരണമില്ലാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലം മാറ്റരുതെന്ന 2006 സെപ്തംബര്‍ 22ലെ സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ നിന്ന് കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റപ്പെട്ട എസ്.പി ഡോ. ശ്രീനിവാസന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ആറാമത്തെ സ്ഥലംമാറ്റമാണ്. ആറ്മാസം പോലും ഒരു ജില്ലയില്‍ തികയ്ക്കാന്‍ ഈ ഓഫീസറെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സത്യസന്ധമായും നിര്‍ഭയമായും നിയമപാലനം നടത്തുന്ന ഡോക്ടര്‍ ശ്രീനനിവാസന് സര്‍വ്വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.

തൃശൂര്‍ കമ്മീഷണറായിരുന്ന പ്രമോട്ടി ഐപിഎസുകാരന്‍ ജേക്കബ് ജോബിന് നിയമനം നല്‍കാന്‍ വേണ്ടിയാണ് ശ്രീനിവാസിനെ കാസര്‍ഗോട്ടേക്ക് തെറിപ്പിച്ചത്. കാസര്‍ഗോഡ് എസ്.പി തോംസണ്‍ ജോസിന് പകരം തൃശൂര്‍ പൊലീസ് അക്കാദമിയിലാണ് നിയമനം നല്‍കിയിട്ടുള്ളത്. ചാര്‍ജെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനിക്ക് സ്ഥാനം തെറിച്ചത്. തൃശൂരിലേക്കാണ് സ്ഥലമാറ്റം.

മലപ്പുറത്ത് മണല്‍ മാഫിയക്കാരനുമായി സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ സഹിതം പുറത്ത് വന്ന പ്രമോട്ടി എസ്.പി ശശികുമാറിനെ മണല്‍ മാഫിയയുടെ വിളഭൂമിയായ കൊല്ലം റൂറലിലാണ് നിയമനം നല്‍കിയിരിക്കുന്നത്. മറ്റൊരു പ്രമോട്ടി ഐപിഎസുകാരനായ കെ.വി ജോസഫിനെ ഇടുക്കി എസ്.പിയായി നിയമിച്ചപ്പോഴും ഡയറക്ട് ഐപിഎസുകാരെ സര്‍ക്കാര്‍ തഴഞ്ഞു.

ഒഴിവുവന്ന തൃശൂര്‍ റേഞ്ചില്‍ ഐജിയായി നിയമിച്ചതും പ്രമോട്ടി ഐപിഎസുകാരനായ ടി.ജെ ജോസിനെയാണ് ഷെയ്ഖ് ദര്‍ബേഷ് സാഹിബിന് എഡിജിപിയായി ഉദ്യോഗക്കയറ്റം ലഭിച്ച സാഹചര്യത്തില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ ചുമതല പൊലീസ് അക്കാദമിയിലെ ഐ.ജി ആയിരുന്ന സുരേഷ് രാജ് പുരോഹിതാണ് വഹിച്ചിരുന്നത്.

പൊലീസിങ്ങില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും അനുവദിക്കാത്ത സുരേഷ് രാജ് പുരോഹിതിന്റെ കാര്‍ക്കശ്യ നിലപാടാണ് അദ്ദേഹത്തെ നിയമിക്കാന്‍ സര്‍ക്കാരിന് തടസമായതെന്നാണ് അറിയുന്നത്. നേരത്തെ കണ്ണൂര്‍ റേഞ്ച് ഐ.ജി ആയിരുന്ന സുരേഷ് രാജ് പുരോഹിതിനെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയിരുന്നത്.

അടുത്തയിടെ രണ്ട് തവണ നടന്ന എസ്.പിമാരുടെ സ്ഥലംമാറ്റത്തില്‍ ആറ് മാസംപോലും പൂര്‍ത്തിയാകാതെ എസ്.പിമാരായ അജിത ബീഗം, രാജ്പാല്‍ മീണ, പുട്ടവിമലാദിത്യ, മഞ്ജുനാഥ്, ഉമ ബഹ്‌റ, ശ്രീനിവാസ് തുടങ്ങിയവരെ ജില്ലാ ഭരണത്തില്‍ നിന്ന് മാറ്റി നിയമിച്ചത് ഏറെ വിവാദമായിരുന്നു. ഇതുസംബന്ധമായി ഐപിഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര മന്ത്രിക്കും രേഖാമൂലം പരാതി നല്‍കിയിരിക്കെയാണ് ഇപ്പോഴത്തെ അഴിച്ചുപണി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മുന്‍ എംഎല്‍എ കെ.കൃഷ്ണന്‍ കുട്ടിയും വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി ബിനുവും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്‌ഐ ആയി സര്‍വ്വീസില്‍ കയറി എസ്.പി വരെയായി ഐപിഎസ് സംഘടിപ്പിക്കുന്ന പ്രമോട്ടി ഐപിഎസുകാര്‍ക്ക് രാഷ്ട്രീയ കേന്ദ്രങ്ങളിലുള്ള പിടിപാടാണ് ഇത്തരം ഉദ്യോഗസ്ഥരെ ജില്ലാ ഭരണത്തില്‍ നിയമിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

നേരിട്ട് ഐപിഎസ് നേടി ആര്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്ന യുവ എസ്.പിമാരാണ് ഇതില്‍ ബലിയാടാകുന്നത്.

Top