രണ്‍ബീര്‍ കപൂര്‍- കത്രീന കെയ്ഫ് വിവാഹം അടുത്ത വര്‍ഷം

ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂറും ബോളിവുഡ് സുന്ദരി കത്രീന കെയ്ഫും വര്‍ഷങ്ങള്‍ നീണ്ടു നിന്ന തങ്ങളുടെ പ്രണയം പരസ്യമാക്കി. ഇരുവരുടേയും വിവാഹം അടുത്ത വര്‍ഷം നടക്കും. ഇക്കാര്യം രണ്‍ബീര്‍ തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഈ വര്‍ഷം രണ്ടു പേര്‍ക്കും വളരെയധികം ജോലിത്തിരക്കുള്ളതിനാല്‍ അടുത്ത വര്‍ഷം അവസാനത്തോടെ വിവാഹം കഴിക്കാമെന്നാണ് തങ്ങള്‍ തീരുമാനിരിക്കുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞു.

തനിക്കിപ്പോള്‍ മുപ്പത്തിമൂന്ന് വയസായി. സ്വന്തമായി കുടുംബമാകാനുള്ള സമയമാണിത്. കത്രീനയും അത് ആഗ്രഹിക്കുന്നു. സിനിമ എല്ലാമെല്ലാമായൊരു കുടുംബത്തിലാണ് താന്‍ വളര്‍ന്നത്. അതിനാല്‍ ഗോസിപ്പുകളുടെ പ്രാധാന്യം തനിക്കറിയാം. ഒരു ഗോസിപ്പുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ പോകാതിരിക്കുക എന്നതാണ് തന്റെ രീതി. അതേപ്പറ്റി കൂടുതല്‍ ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി രണ്‍ബീറും കത്രീനയും പ്രണയത്തിലായിരുന്നു. ദീപിക പദുക്കോണുമായായിരുന്നു രണ്‍ബീറിന് ആദ്യം പ്രണയം. സല്‍മാന്‍ഖാനുമായുള്ള പ്രണയം തകര്‍ന്ന ശേഷമാണ് കത്രീന, കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനുമായി അടുക്കുന്നത്. ഒരുമിച്ചു താമസിക്കാന്‍ ഇരുവരും മുംബയില്‍ ബംഗ്ലാവ് വാങ്ങിയതടക്കം വാര്‍ത്തയായിരുന്നു. കൂടാതെ ഇരുവരുമൊന്നിച്ചുള്ള ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

2009ല്‍ പുറത്തിറങ്ങിയ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം പ്രകാശ് ജായുടെ രാജ്‌നീതി(2010) എന്ന ചിത്രത്തിലും അഭിനയിച്ചു. അടുത്തതായി ‘ജഗ്ഗാ ജാസൂസ്’ എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഈ ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.

Top