തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്ന് വിജിലന്‍സ് വകുപ്പ് എടുത്തുമാറ്റാന്‍ നീക്കം.
ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ചെന്നിത്തലയുടെ പേരുണ്ടെന്ന് വ്യക്തമായാല്‍ വിജിലന്‍സ് വകുപ്പ് അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റാനാണ് നീക്കം. കോണ്‍ഗ്രസിലെ എ വിഭാഗവും മാണി കോണ്‍ഗ്രസുമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന.
പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വെട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് അടക്കമുള്ള ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത് ചൂണ്ടിക്കാട്ടി ചെന്നിത്തല വകുപ്പ് ഒഴിയണമെന്ന ആവശ്യം ശക്തമാക്കാനാണ് ചെന്നിത്തല വിരുദ്ധരുടെ നീക്കം.
മന്ത്രിസഭാ പുന:സംഘടനയിലൂടെ റവന്യൂവും ആഭ്യന്തരവും അടക്കമുള്ള തന്ത്രപ്രധാനമായ വകുപ്പുകള്‍ കൈയ്യടക്കിയ ഐ ഗ്രൂപ്പില്‍ നിന്ന് വിജിലന്‍സ് വകുപ്പെങ്കിലും തിരിച്ച് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ കുരുക്കായി മാറുമെന്ന് എ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
മാണിക്കെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചാര്‍ജ്ജ് ഷീറ്റ് കൊടുക്കുന്നതിന് മുന്‍പ് തന്നെ വിജിന്‍സ് മന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് രഹസ്യമായി മാണി വിഭാഗവും മുന്നോട്ട് വയ്ക്കുന്നതത്രേ.
ചെന്നിത്തലയ്ക്ക് പകരം മുഖ്യമന്ത്രി തന്നെ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യണമെന്നും അല്ലെങ്കില്‍ കെ.സി ജോസഫിന് കൈമാറണമെന്നുമാണ് എ വിഭാഗം നേതാക്കള്‍ക്കിടയിലെ അഭിപ്രായം.
നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്ന ആവശ്യം പ്രതിപക്ഷം കൂടി ശക്തമാക്കുന്നതോടെ ചെന്നിത്തല സ്വമേധയ വിജിലന്‍സ് വകുപ്പ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
അന്വേഷണ സംഘത്തിന്റെ തലവന്‍തന്നെ ആരോപണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന അന്വേഷണം വിശ്വാസ്യയോഗ്യമല്ലെന്ന, പിണറായി വിജയന്റെ പ്രസ്താവന ചെന്നിത്തലയെ പ്രതിരോധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് പുറമേ എക്‌സൈസ് മന്ത്രിയും എ വിഭാഗം നേതാവുമായ കെ. ബാബു, ആരോഗ്യമന്ത്രിയും ഐ ഗ്രൂപ്പ് പ്രതിനിധിയുമായ വി.എസ് ശിവകുമാര്‍ എന്നിവരും ബാര്‍കോഴ വാങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള ബാറുടമയുടെ സംഭാഷണം നേരത്തെ ഒരു ചാനല്‍ പുറത്ത് വിട്ടിരുന്നു. ഈ കാര്യം ബിജു രമേശ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
നേരത്തെ ധനമന്ത്രി കെ.എം മാണിക്കെതിരെ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്തിരുന്നു.
നിയമം എല്ലാവര്‍ക്കും തുല്യമായതിനാല്‍ മറ്റ് മന്ത്രിമാര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്നതാണ് ബിജു രമേശിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. വകുപ്പ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് കഴിയാത്തതിനാല്‍ രഹസ്യ മൊഴിയില്‍ കുടുങ്ങിയാല്‍ വകുപ്പ് ഒഴിഞ്ഞ് ചെന്നിത്തല മാതൃക കാണിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.