മുംബൈ: ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് കളിക്കാനുള്ള സാധ്യത മങ്ങുന്നു. തോളെല്ലിനേറ്റ പരിക്കാണ് താരത്തിന്റെ ലോകകപ്പ് കളിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചത്. അതേസമയം യുവരാജ് സിംഗിന് സാധ്യതാടീമില്‍ ഇടംലഭിച്ചിരുന്നില്ലെങ്കിലും ജഡേജയുടെ പകരക്കാരനായി അന്തിമടീമിലെത്താനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്.
രഞ്ജിട്രോഫിയില്‍ കളിച്ച മൂന്നു കളികളിലും തുടര്‍ച്ചയായി സെഞ്ച്വറി നേടിയ യുവരാജ് മികച്ച ഫോമിലാണ്. കഴിഞ്ഞ ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരീസായിരുന്ന യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി 293 ഏകദിനങ്ങളില്‍നിന്ന് 36.37 ശരാശരിയില്‍ 8329 റണ്‍സെടുത്തിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈയില്‍ ചികില്‍സയിലുള്ള ജഡേജയ്ക്ക് 34 ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അന്തിമ 15 അംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും, ജനുവരി 20നകം ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ യുവരാജിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിസഐ വൃത്തങ്ങള്‍ പറയുന്നു.
അടുത്തമാസം 14ന് തുടങ്ങുന്ന ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി ഏഴിന് പ്രഖ്യാപിക്കാനിരിക്കെയാണ് ജഡേജയ്ക്ക് പരിക്ക് വില്ലനായത്.