ജയ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുമെന്ന് രാജസ്ഥാന്‍ മന്ത്രിമാര്‍ക്ക് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ജയ്പൂര്‍ സ്വദേശി സുഷീല്‍ ചൗധരിയാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുമെന്നും തടയാന്‍ സാധിക്കുമെങ്കില്‍ തടയൂ എന്ന് ഇന്ത്യന്‍ മുജാഹിദിന്റെ പേരിലാണ് യുവാവ് സന്ദേശമയച്ചത്.
രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്കാണ് യുവാവ് സന്ദേശം അയച്ചത്. കംപ്യൂട്ടറിന്റെ ഐപി വിലാസം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. വിദ്യാധര്‍ നഗറിനു സമീപമുള്ള ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് യുവാവ് സന്ദേശം അയച്ചിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അഡീഷണല്‍ ജനറല്‍ അലോക് ത്രിപാഠി പറഞ്ഞു.