ചെന്നൈ: രാജി ഭീഷണിയുമായി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍. വെള്ളിയാഴ്ച ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് പാര്‍ട്ടി ഭാരവാഹിത്വം ഒഴിയാന്‍ തയാറാണെന്ന് സ്റ്റാലിന്‍ അറിയിച്ചത്.
സ്റ്റാലിനെ പാര്‍ട്ടിയുടെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ സ്റ്റാലിന്‍ അനുയായികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വേണമെന്നതാണ് സ്റ്റാലിന്റെ ആവശ്യം. വെള്ളിയാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് കരണാനിധിയുടെ മകന്‍ കൂടിയായ സ്റ്റാലിന്‍.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ അഴഗിരിയെ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. അഴഗിരി പാര്‍ട്ടിയിലേക്ക് തിരിച്ചു വരുന്നതില്‍ സ്റ്റാലിന് പൂര്‍ണ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും രാജി ഭീഷണിക്കു പിന്നിലുണ്ടെന്നും സൂചനയുണ്ട്.