തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശം തനിക്ക് എതിരല്ലെന്നും അതിനാല്‍ തന്നെ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നുമുളള നിലപാടിലുറച്ച് മന്ത്രി കെ.എം.മാണി. വ്യക്തിപരമായി തനിക്കെതിരെ കോടതി പരാമര്‍ശമില്ലെന്നും കെ.എം.മാണി ചൂണ്ടിക്കാട്ടുന്നു.
അതേ സമയം മാണിയുടെ തീരുമാനം കേരളാ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. പാര്‍ട്ടിയുടെ പിന്തുണ വേണമെന്ന് മാണി ആവശ്യപ്പെടുമ്പോള്‍ മന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മാണി രാജി വയ്ക്കണമെന്ന കടുത്ത നിലപാടിലാണ്.
മാണി ഇനി മന്ത്രിയായി തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വാദം. കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്നും ജോസഫ് വിഭാഗം പറയുന്നു.
എന്നാല്‍, രാജി വയ്ക്കുകയാണെങ്കില്‍ മാണി മാത്രം പോര ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി വയ്ക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കിയാല്‍ മതിയെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍, മന്ത്രിസ്ഥാനം ഉപേക്ഷിക്കുന്നതിനോട് ജോസഫിന് യോജിപ്പില്ല.