രാജി വെയ്ക്കാതിരിക്കാന്‍ പാമോയില്‍ കേസ് പ്രതിരോധ കവചമാക്കി കെ എം മാണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാരിനെ പ്രഹരിച്ച കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജി വെയ്ക്കാതിരിക്കാന്‍ പാമോയില്‍ കേസ് ആയുധമാക്കി കെ എം മാണി.

കീഴ്‌വഴക്കങ്ങള്‍ നോക്കിയാല്‍ താന്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന കെ എം മാണിയുടെ നിലപാട് ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കിയ വിജിലന്‍സ് കോടതിയുടെ മുന്‍ ഉത്തരവ് മുന്‍ നിര്‍ത്തിയാണ്.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍ ജഡ്ജി ഹനീഫക്കെതിരെ അന്ന് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജ്ജ് അടക്കം ശക്തമായി രംഗത്ത് വന്നിരുന്നു.

ഉത്തരവിനെ തുടര്‍ന്ന് രാജിക്കൊരുങ്ങിയ ഉമ്മന്‍ ചാണ്ടിക്ക് രക്ഷയായത് പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണമായിരുന്നു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നു മാത്രമായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഇതേതുടര്‍ന്ന് പിന്നീട് വിജിലന്‍സ്-ആഭ്യന്തര വകുപ്പുകള്‍ പൂര്‍ണ്ണമായും തന്റെ വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയാണ് ഉയര്‍ന്നു വന്ന പ്രതിസന്ധിയെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചത്.

കോണ്‍ഗ്രസ് ഗ്രൂപ്പ് വീതം വയ്പിന്റെ ഭാഗമായി ഇപ്പോള്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകള്‍ ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലക്കാണെങ്കിലും നിയമകാര്യ വകുപ്പ് കെ എം മാണി വഹിക്കുന്നതില്‍ ഈ വകുപ്പ് ഒഴിഞ്ഞ് ധനകാര്യ മന്ത്രിയായി മാണിക്ക് തുടരാനുള്ള സാഹചര്യമുണ്ടാക്കണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

മാണിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശനെതിരെ രംഗത്ത് വന്നതും ഈ ഉദ്യോഗസ്ഥന്റെ കഴിഞ്ഞകാല ട്രാക്ക് റിക്കാര്‍ഡുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതും നിയമകാര്യ വകുപ്പിന്റെ പ്രേരണമൂലമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണിത്.

എന്നാല്‍ പ്രതിപക്ഷം മാണിയുടെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന കടുത്ത നിലപാടിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബാര്‍ കോഴ സംഭവം പരമാവധി ‘കത്തി’ക്കാനുള്ള ശ്രമത്തിലാണവര്‍.

എന്നാല്‍ താന്‍ ഒരു കാരണവശാലും രാജി വയ്ക്കില്ലെന്നും പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ‘ആനുകൂല്യം’ യുഡിഎഫ് ഇക്കാര്യത്തില്‍ തനിക്ക് നല്‍കണമെന്നുമാണ് മാണിയുടെ ആവശ്യം.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മാണിക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിനിടയില്‍ മാണിയുടെ നിലപാടിനെതിരെ പ്രതിഷേധമുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടുകള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യമായി തന്നെ ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ആ പാപഭാരം മുഴുവന്‍ മാണിക്ക് പേറേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top