രാജ്യത്തെ കാര്‍ വിപണി സജീവമാകുന്നു; 18.14 ശതമാനം വര്‍ധന രേഖപ്പെടുത്തി കാര്‍ വില്‍പ്പന

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വിപണി സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലിലെ കാര്‍ വില്‍പ്പനയില്‍ 18.14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 30 മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. ഇന്ധനവിലയിലുണ്ടായ കുറവും പുത്തന്‍ മോഡലുകളുടെ വരവുമാണ് കാര്‍ വിപണിക്കനുകൂലമായ ഘടകങ്ങള്‍.

സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര കാര്‍വില്‍പ്പന 2014 ഏപ്രിലിലെ 1,35,054 യൂണിറ്റുകളില്‍ നിന്ന് 1,59,548 യൂണിറ്റുകളായി ഉയര്‍ന്നു. പാസഞ്ചര്‍ കാര്‍വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം മാസമാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്നും പലിശനിരക്കു കുറഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ കാര്‍ വാങ്ങാന്‍ തയാറാകുന്നതായും സിയാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ട്രി ലെവല്‍ കാറുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധയുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇരുചക്രവാഹനങ്ങളുടെയും ലഘു വാണിജ്യവാഹനങ്ങളുടെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് വെല്ലുവിളിയായി വാഹനനിര്‍മ്മാതാക്കള്‍ കാണണമെന്നും സിയാം പറയുന്നു. അനവസരത്തിലെ മഴ ഗ്രാമീണമേഖലയ്ക്കു തിരിച്ചടിയായതാണ് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കുറയാന്‍ കാരണം.

Top