ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ റോമിങ് നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ കുറയും. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയ്ക്കുക.
റോമിങ്ങിലാകുമ്പോഴുള്ള ഔട്ട് ഗോയിങ് ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് ഒരു രൂപയില്‍ നിന്ന് 80 പൈസയായാണ് കുറച്ചിരിക്കുന്നത്. റോമിങ്ങില്‍ ഔട്ട് ഗോയിങ് എസ്.ടി.ഡി. കോളുകള്‍ക്ക് ഇനിമുതല്‍ പരമാവധി മിനിറ്റിന് 1.15 രൂപയേ ഈടാക്കാന്‍ പാടുള്ളൂ. നിലവില്‍ ഇത് 1.50 രൂപയാണ്.
റോമിങ് വേളയിലുള്ള ഇന്‍കമിങ് കോളുകളുടെ നിരക്ക് മിനിറ്റിന് 75 പൈസയില്‍ നിന്ന് 45 പൈസയായി കുറച്ചു. ലോക്കല്‍ എസ്.എം.എസ്സിന് ഒരു രൂപയില്‍ നിന്ന് 25 പൈസയായും എസ്.ടി.ഡി. മെസേജുകള്‍ക്ക് 1.50 രൂപയില്‍ നിന്ന് 38 പൈസയായും നിജപ്പെടുത്തി.
എല്ലാ ടെലികോം സേവന ദാതാക്കളും പ്രത്യേക റോമിങ് പ്ലാനുകള്‍ അവതരിപ്പിക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ റോമിങ് സേവനങ്ങളുടെ നിരക്കുകള്‍ 2013ലാണ് അവസാനമായി പുതുക്കിയത്.