രാജ്യത്തെ വിദേശനാണ്യ ശേഖരം 32,000 കോടി യുഎസ് ഡോളര്‍ കവിഞ്ഞു

മുംബൈ: രാജ്യത്തെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി വിദേശനാണ്യ ശേഖരം 32,000 കോടി യുഎസ് ഡോളര്‍ കവിഞ്ഞു. രാജ്യത്തെ വിദേശനാണയ ശേഖരത്തില്‍ കഴിഞ്ഞ ആഴ്ച മാത്രം 270 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെയാണ് വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് നിലയില്‍ എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കാനായതും നേട്ടമായി.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതുമാണ് വിദേശനാണ്യ ശേഖരത്തിന് കരുത്തായത്. 2011 സെപതംബറിലാണ് വിദേശനാണ്യ ശേഖരത്തില്‍ ഇതിന് മുന്‍പ് കരുത്ത് കണ്ടത്.

രാജ്യത്തെ സാമ്പത്തിക നിലയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വിദേശനിക്ഷേപകര്‍ കടപത്രങ്ങളും ഓഹരികളും വാങ്ങികൂട്ടുന്നത് ശുഭസൂചനയായും സാമ്പത്തിക വിദഗ്ദ്ദര്‍ ചൂണ്ടികാണിക്കുന്നു.

സാമ്പത്തിക രംഗം കരുത്താര്‍ജ്ജിച്ചതോടെ വിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് അനുകൂല സാഹചര്യങ്ങളില്‍ നിന്ന് ഡോളര്‍ ശേഖരിച്ചിരുന്നു. 9 മാസത്തെ ഇറക്കുമതി ആവശ്യങ്ങള്‍ നിറവേറ്റാനുളള വിദേശനാണ്യ ശേഖരം റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുന്നത് റിസര്‍വ് ബാങ്കിന് ധൈര്യം പകരുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച അടിസ്ഥാന നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്.

Top