ന്യൂഡല്‍ഹി: പന്നിപ്പനിയെ തുടര്‍ന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി മരണം ആയിരം കടന്നു. ഇന്നലെ നാല്‍പത്തിരണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തു പന്നിപ്പനിമൂലമുള്ള മരണസംഖ്യ 1041 ആയി. 19000 പേര്‍ക്ക് രോഗബാധയുള്ളതായാണ് ഇന്നലത്തെ കണക്ക്.
രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. പ്രതീക്ഷിച്ചതിലും നേരത്തേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയത് രോഗികളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.
രോഗബാധ പടരുന്ന സാഹചര്യത്തില്‍ അഞ്ചിലേറെ പേര്‍ ഒന്നിച്ചു കൂടുന്നത് ഗുജറാത്തില്‍ വിലക്കിയിട്ടുണ്ട്. അധികം പേരിലേക്ക് രോഗത്തിന്റെ വൈറസ് പടരാതിരിക്കാനാണ് നടപടി. മുന്‍കരുതലായി ജനങ്ങള്‍ മുഖംമൂടി ധരിക്കണമെന്നും നിര്‍ദേശം നല്‍കി. കടുത്തപനി, തലവേദന, പേശിവേദന, വയറിളക്കം, ഛര്‍ദി, വയറുവേദന, രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങള്‍.