രാജ്യത്ത് മിനിമം വേതനം 15000 ആക്കാന്‍ നിയമഭേദഗതി വരുന്നു

ന്യൂഡല്‍ഹി: വരും വര്‍ഷം മുതല്‍ രാജ്യത്തെ മിനിമം തൊഴില്‍ വേതനം മാസം 15,000 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ഇത് പ്രവര്‍ത്തികമാക്കാനാണു നീക്കം. അതേസമയം വേദന ഭേദഗതി നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് ഈ മേഖലയില്‍ നിന്നുതന്നെയുള്ള വാദങ്ങള്‍.

45 തൊഴിലുകളാണ് 1948ലെ ദേശീയ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ വരുന്നത്. സംസ്ഥാനങ്ങള്‍ക്ക് 1,600 തൊഴിലുകള്‍ വരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം. മിനിമം വേതനം 15,000 ആക്കുന്നതോടു കുടി മിക്ക സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി ഇരട്ടിയാകുമെന്നാണു കരുതുന്നത്. മിനിമം വേതനം പുതുക്കിക്കൊണ്ടുള്ള നിയമഭേദഗതി സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധിതമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും പല നിരക്കിലാണ് മിനിമം വേതനം. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ബിഹാറുകാരാണ്. ബിഹാറിലെ മിനിമം വേതനം എന്‍ജിനീയറിങ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 288 രൂപയും ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 205 രൂപയുമാണ്. ഹരിയാനയിലെ മിനിമം വേതനം 241 രൂപയാണ്. നാഗാലാന്‍ഡില്‍ ദിവസക്കൂലിക്കാരന് കിട്ടുന്ന ഏറ്റവും മികച്ച മിനിമം വേതനം 110 രൂപയാണ്. തമിഴ്‌നാട്ടില്‍ 300നും 350 നും ഇടയ്ക്കാണ് മിനിമം വേതനം.

ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. രാജ്യത്തെ തൊഴില്‍ശേഷിയുടെ നല്ലൊരു ശതമാനം അസംഘടിത മേഖലയിലായതിനാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Top