രാജ്യത്ത് വിമാന ഇന്ധന വിലയേക്കാളും കൂടുതല്‍ വില പെട്രോളിന്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനെക്കാള്‍ കൂടിയ വിലയാണ് നല്‍കേണ്ടത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഉപയോഗിക്കുന്ന ഇന്ധനത്തിന് സര്‍ക്കാര്‍ റെക്കോര്‍ഡ് എക്‌സൈസ് തീരുവ ചുമത്തിയതോടെയാണിത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 58.91 രൂപയാണ്. എന്നാല്‍ വിമാനഇന്ധനത്തിന് ഒരു ലിറ്ററിന് 52.42 രൂപയാണ് വില.

വിമാന ഇന്ധനത്തെക്കാള്‍ ഗുണനിലവാരം കുറഞ്ഞതാണ് പെട്രോള്‍. ശുദ്ധീകരണം കുറയുന്നതിനാല്‍ സ്വാഭാവികമായും പെട്രോളിന് വില കുറയേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന റെക്കോര്‍ഡ് എക്‌സൈസ് തീരുവ പെട്രോളിന്റെ വില ഉയര്‍ത്തി. മൂന്നു മാസത്തിനിടയില്‍ നാലു തവണയാണ് തീരുവ ഉയര്‍ത്തിയത്.

ഒരു ലിറ്റര്‍ പെട്രോളിന് എട്ടു രൂപയോളമാണ് എക്‌സൈസ് തീരുവയായി നല്‍കേണ്ടി വരുന്നത്. വിമാനഇന്ധനത്തിന് എട്ടു ശതമാനമാണ് എക്‌സൈസ് തീരുവ.

ബജറ്റ് കമ്മി കുറക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എക്‌സൈസ് തീരുവയിനത്തില്‍ ലഭിക്കുന്ന തുകയുടെ 52 ശതമാനം പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നാണ്. അടിസ്ഥാന ഡ്യൂട്ടിയായി 8.95 രൂപയും പ്രത്യേക എക്‌സൈസ് ഡ്യൂട്ടിയായി ആറു രൂപയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയായി രണ്ടു രൂപയും ഒരു ലിറ്ററിനു മേല്‍ ചുമത്തുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുത്തനെ ഇടിയുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ലിറ്ററിന് 14.69 രൂപയോളം മാത്രമാണ് കുറഞ്ഞത്.

Top