രാജ്യസഭയിൽ ഇന്ന് ഒരു എംപിക്ക് കൂടി സസ്പെൻഷൻ

ദില്ലി : രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ഇന്ന് ഒരു എംപിയെ കൂടി സസ്‌പെൻഡ് ചെയ്തു. സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇതോടെ പാർലമെന്റിൽ ഇത്തവണ സസ്പെന്ഡ് ചെയ്യപ്പെട്ടത് 24 എംപിമാരാണ്. ആംആദ്മി പാർട്ടി അംഗമാണ് സഞ്ജയ്. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം. വെളളിയാഴ്ച വരെയാണ് സസ്പെൻഷൻ. ഇന്നലെ അഞ്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 19 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്തു.

വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരാൾക്കെതിരെ കൂടി നടപടിയെടുത്തത്. പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിറുത്തി വച്ചു.

കേരളത്തിൽ നിന്നുള്ള വി ശിവദാസൻ, പി. സന്തോഷ് കുമാർ, എഎ റഹീം എന്നിവരുൾപ്പടെ 19 പേരെയാണ് നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചതിന് ഇന്നലെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻറെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെൻഡ് ചെയ്തത്. ജി എസ്ടി വിഷയത്തിൽ നടുത്തളത്തിൽ പ്രതിഷേധിക്കുന്ന എംപിമാർക്ക് ഉപാദ്ധ്യക്ഷൻ ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.

Top