ജെഡിയുവിനെ രാജ്യസഭാ സീറ്റില്‍ മെരുക്കി; സര്‍ക്കാരിന് പ്രതിസന്ധി ഒഴിഞ്ഞ ആശ്വാസം

കോഴിക്കോട്: അടുത്ത വര്‍ഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എം.പി വീരേന്ദ്രകുമാറിന് നല്‍കാമെന്ന ഉറപ്പില്‍ ജനതാദള്‍ (യു)വിന്റെ മുന്നണി വിടല്‍ ഭീഷണി കോണ്‍ഗ്രസ് ഒഴിവാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് വീരേന്ദ്രകുമാറിന്റെ വസതിയില്‍വെച്ചു നടത്തിയ ചര്‍ച്ചയിലാണ് ഈ ഫോര്‍മുല മുന്നോട്ടുവച്ചത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലകൂടി ഈ ഉറപ്പു നല്‍കണമെന്ന് വീരേന്ദ്രകുമാര്‍ നിലപാടെടുക്കുകയായിരുന്നു.

പാലക്കാട് തോല്‍വിയില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ യുഡിഎഫ് അന്വേഷണ സമതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുമെന്ന ഭീഷണിയാണ് ജനതാദള്‍ (യു) ഉയര്‍ത്തിയത്. ഇത് അതിജീവിക്കാനായ ആശ്വാസത്തിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

രാജ്യസഭയിലേക്ക് ഇനി ഒഴിവുകള്‍ വരുന്നത് അടുത്ത വര്‍ഷം ഏപ്രിലിലാണ്. കോണ്‍ഗ്രസിന്റെ എ.കെ ആന്റണി, സിപിഎമ്മിന്റെ കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരുടെ അംഗത്വ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്.

ഈ മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫിന് വിജയിക്കാനാവും. എ.കെ ആന്റണി ഒഴിയുന്ന സീറ്റ് വീണ്ടും അദ്ദേഹത്തിന് തന്നെ നല്‍കേണ്ടി വരും. സിപിഎമ്മിന് ഒരു സീറ്റിലേ ജയിക്കാനാവൂ. സിപിഎമ്മില്‍ നിന്ന് ഒഴിഞ്ഞു കിട്ടുന്ന രണ്ടാമത്തെ സീറ്റ് ജനതാദള്‍(യു) വിന് നല്‍കാമെന്നാണ് വാഗ്ദാനം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് തന്നെ, പാലക്കാട് സീറ്റില്‍ തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് ജനതാദളിന് (അന്നത്തെ സോഷ്യലിസ്റ്റ് ജനത ) വാക്കു കൊടുത്തിരുന്നു. ജയസാദ്ധ്യത കുറഞ്ഞ പാലക്കാട് ഏറ്റെടുക്കാന്‍ മടിച്ചപ്പോഴായിരുന്നു ഈ വാഗ്ദാനം.

Top