കാണ്‍പൂര്‍: രാമ ജന്‍മഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ത്തി ആര്‍എസ്എസ് രംഗത്ത്. രാമ ജന്‍മഭൂമി ദേശീയ പ്രശ്‌നമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. രാമജന്‍മഭൂമി, സേതുസമുദ്രം പ്രശ്‌നങ്ങളില്‍ രാജ്യത്തെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണമെങ്കില്‍ ഒന്നിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്നും ഭഗവത് പറഞ്ഞു. കാണ്‍പുരില്‍ മന്‍തന്‍ സമ്മേളനത്തില്‍ സംഘപരിവാര്‍ സംഘടനകളുടെയും ബിജെപിയുടെയും നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
ഒന്നിച്ചുനിന്നാല്‍, നമുക്കെന്തുകാര്യവും ചെയ്യാം. രാമജന്‍മഭൂമി, സേതുസമുദ്രം പ്രചാരണങ്ങളുടെ പ്രതിഫലനം ലോകത്തിനറിയാം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ആഗ്രഹിച്ച വിജയമുണ്ടായി. മികച്ച ഏകോപനത്തോടെ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഫലമാണിത്. തെരഞ്ഞെടുപ്പില്‍ സംഘപ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു. അതുകൊണ്ട് ഹിന്ദുത്വത്തെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ അതിനു ശേഷം സംഘം പ്രവര്‍ത്തകര്‍ നിഷ്‌ക്രിയമായോ എന്നു സംശയിക്കുന്നുവെന്നും ഭഗവത് പറഞ്ഞു.
മതപരമായ അസഹിഷ്ണുത പൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയുടെ ചൂടാറും മുമ്പേയാണ് ആര്‍എസ്എസിന്റെ പുതിയ പ്രസ്താവന.