തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവത്തേക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
മതേതരത്വത്തിന്റെ കാവല്‍ഭടന്മാര്‍ ശക്തരായ കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം എല്‍ എ മാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാര്‍, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലിയുടെ കേരള സന്ദര്‍ശനം, ക്രമസമാധാനത്തെക്കുറിച്ച് മാത്രമല്ല കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളേജ് അഴിമതി,ഹവാല ഇടപാട് ,വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങള്‍ എന്നിവയെകുറിച്ച് കൂടി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.