രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് സംഭവങ്ങള്‍; മൂന്നിലും വില്ലനായത് ‘ചെകുത്താന്മാര്‍’

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് ദിവസം-മൂന്ന് സംഭവങ്ങള്‍ക്ക് മുന്നിലും പ്രതിസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍.

തികച്ചും യാദൃശ്ചികമായാണെങ്കിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സിനിമയും ഇന്റര്‍നെറ്റും ചെലുത്തുന്ന അപകടകരമായ സ്വാധീനങ്ങളുടെ പ്രതിഫലനം കൂടിയാണ് മൂന്ന് സംഭവങ്ങള്‍ക്കും അടിസ്ഥാനം.

ഓണാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷമാണ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി തസ്‌നി ബഷീറിന്റെ ജീവനെടുത്തത്.

പ്രേമം സിനിമയെ അനുകരിച്ച് ജീപ്പിന് മുകളില്‍ ‘ചെകുത്താന്‍’ എന്നെഴുതി നായകനടന്റെ വേഷവിധാനങ്ങള്‍ അനുകരിച്ച് ‘തൂങ്ങിയാടിയ’ വിദ്യാര്‍ത്ഥികളുടെ നടപടിയാണ് ജീപ്പിനിടയില്‍പെട്ട് തസ്‌നി മരിക്കാനിടയാക്കിയത്.

ഈ കേസില്‍ ജീപ്പ് ഓടിച്ച ബൈജു എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇനി ഏഴ് പ്രതികളെകൂടി പൊലീസിന് പിടികൂടാനുണ്ട്. എല്ലാവരും തസ്‌നിയുടെ സഹപാഠികള്‍ തന്നെ.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് (വെള്ളിയാഴ്ച) തൃശൂര്‍ കുന്നംകുളം അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഷഹീന്‍ മരണപ്പെട്ടത്.

ഓണാഘോഷത്തോട് അനുബന്ധിച്ച് ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ അവരുടെ താമസ സ്ഥലത്തെത്തിയ പൊലസിനെ കണ്ട് ഭയന്നോടിയപ്പോഴാണ് കിണറ്റില്‍ വീണ് ഷഹീന്‍ മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ വിദ്യാര്‍ത്ഥികള്‍ കോളേജിലും ആശുപത്രിയിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫയര്‍ എഞ്ചിനും, കെഎസ്ആര്‍ടിസി ബസും വാടകക്കെടുത്ത് റോഡിലിറങ്ങി ഓണാഘോഷം പൊടിപൊടിച്ചത്.

ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ നിന്ന് വെള്ളം ശക്തമായി ചീറ്റിച്ചും പ്രേമം സിനിമയിലെ ‘ ചെകുത്താനെ’ അനുകരിച്ചും തകര്‍ത്താടിയ ആഘോഷത്തില്‍ ട്രാക്ടറിന് പിന്നില്‍ തൂങ്ങിനിന്ന് പെണ്‍കുട്ടികളും പ്രകടനത്തില്‍ മോശക്കാരായില്ല.

മൂന്ന് സംഭവങ്ങളും ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസവകുപ്പിനുമാണ് തലവേദനയായിരിക്കുന്നത്.

പുതു തലമുറയുടെ ചിന്താഗതിപോലും അനുകരണത്തിനും ‘വികാരത്തിനും’ അടിമപ്പെടുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് കാമ്പസുകളെ കൊണ്ടുചെന്നെത്തിക്കുന്നത്.

Top