ന്യൂഡല്‍ഹി: രണ്ടു മാസത്തെ അജ്ഞാതവാസം, മടങ്ങിയെത്തിയ ആദ്യ രണ്ടു ദിനവും പൂര്‍ണ മൗനം, തുടര്‍ന്നു കര്‍ഷക പ്രതിനിധികളുമായി സ്വവസതിയില്‍ കൂടിക്കാഴ്ച, കര്‍ഷകറാലി, തൊട്ടടുത്ത ദിവസം തന്നെ കാല്‍നടയായി കേദാര്‍നാഥിലേക്ക് ഇതായിരുന്നു മടങ്ങിയെത്തിയ ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒരാഴ്ചത്തെ പരിപാടികള്‍. സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ജനങ്ങള്‍ക്കിടയിലേക്കെത്തിയ രാഹുലിന്റെ അടുത്ത ലക്ഷ്യം രാജ്യവ്യാപക കര്‍ഷകപദയാത്രയെന്നു റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ കാര്‍ഷിക, ഭൂമി ഏറ്റെടുക്കല്‍, തൊഴില്‍ നയങ്ങളിലുള്ള ജനവിരുദ്ധ കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് യാത്രാ ലക്ഷ്യം. ഈ മാസം 30ന് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നാണു യാത്ര തുടങ്ങുക. എന്നാല്‍, ഇക്കാ ര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള കൃഷിനാശത്തില്‍ കര്‍ഷകാത്മഹത്യ ഏറെ നടന്ന സ്ഥലങ്ങളാവും രാഹുല്‍ സന്ദര്‍ശിക്കുക. കാലാവസ്ഥ അനുകൂലമായാല്‍ ദിവസേന 1518 കിലോമീറ്റര്‍ പദയാത്ര നടത്താന്‍ കഴിയുമെന്നാണു നേതൃത്വം വിലയിരുത്തുന്നത്.
മുന്‍പു പാര്‍ട്ടി തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യാ പര്യടനം നടത്തിയിരുന്നു. ഇന്ദിര 1977ലും രാജീവ് 1989ലുമാണ് പര്യടനം നടത്തിയത്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഇവര്‍ക്ക് ശക്തമായി അധികാരത്തില്‍ തിരിച്ചെത്താന്‍ അന്ന് സാധിച്ചിരുന്നു. ഇതേ മാര്‍ഗം തന്നെ സ്വീകരിക്കുകയാണ് രാഹുല്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.