രാഹുല്‍ ഗാന്ധി അടുത്ത മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും: ജയറാം രമേശ്

ഹൈദരാബാദ്: അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പായി രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്.

പാര്‍ട്ടി പ്രസിഡന്റായാല്‍ പ്രായാധിക്യം വന്ന നേതാക്കളെ ഒഴിവാക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ 60 കഴിഞ്ഞ നേതാക്കള്‍ക്ക് ഉപദേശകരുടെ പദവി മാത്രമേ ഉണ്ടാകൂ എന്നും ജയറാം രമേശ് പറഞ്ഞു.

70 കടന്ന നേതാക്കള്‍ക്ക് മാന്യമായി പാര്‍ട്ടിയില്‍ നിന്നും വിരമിക്കാനുള്ള അവസരമുണ്ടാക്കും. തലമുറ മാറ്റം തന്നെയായിരിക്കും കോണ്‍ഗ്രസിലുണ്ടാകുന്നത്. പ്രധാനസ്ഥാനങ്ങളില്‍ 40ല്‍ താഴെ പ്രായമുള്ളവര്‍ മാത്രമായിരിക്കും. 60,70,80 വയസ്സുകളിലുള്ളവര്‍ ഉപദേശക പദവിയിലേക്കായി മാറ്റപ്പെടും. ശരാശരി ഇന്ത്യക്കാരന്റെ പ്രായം 28 ആണ്. അതിനെ പ്രതിനിധീകരിക്കുന്നതാവണം പാര്‍ട്ടിയെന്നും ജയറാം രമേശ് വ്യക്തമാക്കി.

നരേന്ദ്ര മോഡി തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് പെരുമാറുന്നത് പോലെ ആയിരിക്കില്ല രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മോഡി സൈബീരിയയിലേക്ക് അയച്ചിരിക്കുകയാണെന്ന് ജയറാം രമേശ് പരിഹസിച്ചു.

ഈ വര്‍ഷം തന്നെ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ ജയറാം രമേശ് വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടിയെ പുനഃക്രമീകരിക്കുന്നതിനായുള്ള പുതിയ നേതൃനിരയെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് രാഹുല്‍ ഗാന്ധിയെന്നും അതിനാല്‍ അടുത്ത മാര്‍ച്ചോടു കൂടി മാത്രമേ സ്ഥാനമാറ്റം ഉണ്ടാകൂ എന്നുമാണ് പുതിയ നിലപാട്.

Top