രാഹുല്‍ നായര്‍ക്കെതിരെ ഐ.പി.എസുകാര്‍; ഐജിക്കെതിരായ നീക്കത്തില്‍ പ്രതിഷേധം

തിരുവനന്തപുരം:അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.പി രാഹുല്‍ ആര്‍.നായര്‍ തുടര്‍ച്ചയായി ചട്ടലംഘനം നടത്തുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. എസ്.പിയെ വിളിച്ചുവരുത്തി താക്കീത് ചെയ്യണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടാന്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പൊലീസ് വകുപ്പിനെ വെല്ലുവിളിക്കും വിധം രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനും ധാരണയായി.

പത്തനംതിട്ട എസ്.പിയായിരിക്കെ ക്വാറിക്കാരില്‍ നിന്ന് 17ലക്ഷം കോഴ വാങ്ങിയെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാഹുല്‍ ആര്‍ നായരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ തുടരന്വേഷണത്തില്‍ ഐ.ജി മനോജ് എബ്രഹാമിനും എ.ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്കുമെതിരെ എസ്.പി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ വിജിലന്‍സ് ഡയറക്ടര്‍ കോഴക്കാര്യം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് തള്ളിയ എസ്.പിയുടെ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തായത് ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മനോജ് എബ്രഹാമും ശ്രീലേഖയും നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിയെ ഡി.ജി.പി ചുമതലപ്പെടുത്തിയിരുന്നു. എന്നാലിതിന് ശേഷവും മാധ്യമങ്ങള്‍ വഴിയും അല്ലാതെയും രാഹുല്‍ ആര്‍ നായര്‍ സമാനമായ വിധത്തില്‍ വകുപ്പിന്റെ അച്ചടക്കം ലംഘിക്കുകയാണെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിക്കാന്‍ ശ്രമിക്കണം. വിഷയത്തിന്റെ ഗൗരവം മനസിലാക്കാന്‍ രാഹുലിനെ വിളിച്ചുവരുത്തി സംസാരിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. മുതിര്‍ന്ന ഉദ്യോഗസ്ഥരായ എല്‍.എന്‍ കൃഷ്ണമൂര്‍ത്തി, എ. ഹേമചന്ദ്രന്‍, എസ്.അനന്തകൃഷ്ണന്‍, അരുണ്‍ കുമാര്‍ സിന്‍ഹ, ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിലുയര്‍ന്ന ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം പ്രതികരിച്ചു. എസ്.പി രാഹുലിനെതിരെ ഐ.ജിയും എ.ഡി.ജി.പിയും നല്‍കിയ പരാതികളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top