കോയമ്പത്തൂര്‍: പൊലീസ് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കോയമ്പത്തൂരില്‍ കേരള പൊലീസ് ചോദ്യം ചെയ്തു.
ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി വാഹിദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം, പൊലീസിന്റെ ചോദ്യം ചെയ്യലിന് രൂപേഷ് വഴങ്ങുന്നില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമായി മറുചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യം ചെയ്യാന്‍ എത്തുന്ന ഉദ്യോഗസ്ഥരോട് സ്വന്തം പേര് വെളിപ്പെടുത്തണമെന്നും രൂപേഷ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാത്രിയാണ് രൂപേഷ് ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റിലായത്. രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്‌നാട് സ്വദേശി കണ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിക്ക് സമീപം ചായക്കടയില്‍ ഭക്ഷണം കഴിക്കെയാണ് ആന്ധ്ര പൊലീസിലെ നക്‌സല്‍ സ്‌ക്വാഡും തമിഴ്‌നാട് ക്യൂബ്രാഞ്ച് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.