കേരളത്തില്‍ സായുധ പരിശീലനം ലഭിച്ച 30 മാവോയിസ്റ്റുകള്‍ പൊലീസിന് ഭീഷണി

തിരുവനന്തപുരം: രൂപേഷിന്റെ അറസ്റ്റോടെ കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വേരറുത്തുവെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം
പൊള്ളത്തരമെന്ന് തെളിയിച്ച് രൂപേഷിന്റെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളടക്കം 30 യുവാക്കളെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ സമിതിയിലേക്ക് റിക്രൂട്ട് ചെയ്തത്. ഇവര്‍ക്ക് വയനാട്ടിലും നീലഗിരിയിലുമായി ആയുധപരിശീലനം നല്‍കുന്നതായും ആന്ധ്ര പൊലീസിനോട് രൂപേഷ് വെളിപ്പെടുത്തി. ഇവര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള പത്തുപേരുമുണ്ട്.

പേരുകള്‍ എഴുതിയ ഡയറി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തന്നെയും സംഘത്തെയും ജയിലിലിട്ടാലും സമയമാകുമ്പോള്‍ അവര്‍ കാടിന് പുറത്തുവന്ന് ആക്രമണം നടത്തുമെന്ന് രൂപേഷ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.

ആന്ധ്രക്കാരനായ സഖാവിന്റെ നിര്‍ദ്ദേശപ്രകാരം സുപ്രധാനമായ യോഗത്തിനാണ് കോയമ്പത്തൂരിലെത്തിയതെന്നും രൂപേഷ് പറഞ്ഞതായി ആന്ധ്രപ്രദേശ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കൊച്ചിയിലെയും തലസ്ഥാനത്തെയും ഐ.ടി സ്ഥാപനങ്ങളിലെ ചിലരാണ് മാവോയിസ്റ്റുകള്‍ക്ക് സൈബര്‍സഹായം നല്‍കുന്നതെന്നാണ് പൊലീസിനുള്ള വിവരം. എണ്ണത്തില്‍ വളരെക്കുറഞ്ഞ ഇവരെ മാവോയിസ്റ്റ് സെന്‍ട്രല്‍ മിലിട്ടറി കമ്മിറ്റി നേരിട്ടാണ് നിയന്ത്രിക്കുന്നത്.

ജീവനക്കാരടക്കം ഇടത്തട്ടുകാര്‍ക്കിടയില്‍ പ്രചാരണത്തിനാണ് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരെ നിയോഗിക്കുന്നത്. അത്യാവശ്യഘട്ടത്തില്‍ സഹായത്തിന് ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും ശൃംഖല അര്‍ബന്‍കമ്മിറ്റി സജ്ജമാക്കിയിട്ടുണ്ട്.

വനത്തില്‍ തമ്പടിച്ചിട്ടുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും എത്തിക്കാന്‍ ലോജിസ്റ്റിക്ക് സപ്പോര്‍ട്ട് ഗ്രൂപ്പിനും മാവോയിസ്റ്റുകള്‍ രൂപംനല്‍കിയിട്ടുണ്ട്.

ബാംഗ്ലൂര്‍, മംഗലാപുരം, മൈസൂര്‍, ഷിമോഗ നഗരങ്ങളിലെ ആക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ണാടക രഹസ്യാന്വേഷണവിഭാഗം നേരത്തേ ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന് കൈമാറിയിരുന്നു.

മാംഗ്ലൂര്‍, ഷിമോഗയിലെ കുവേമ്പു സര്‍വകലാശാലകളില്‍ നിന്നാണ് അവിടെ ആക്ഷന്‍കമ്മിറ്റിയിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നത്. സമാനമായി കാസര്‍കോട് കേന്ദ്രസര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ രൂപേഷ് സ്വാധീനമുണ്ടാക്കി. ഗവേഷണവിദ്യാര്‍ത്ഥികളും ചില അദ്ധ്യാപകരും പിന്തുണയ്ക്കുന്നുണ്ട്. സ്ലീപ്പിങ് സെല്ലെന്നാണ് ഇവരെ മാവോയിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.

രൂപേഷിന്റെ ഭാര്യ ഷൈനയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ അന്‍പതിലേറെ പേരുടെ വിലാസവും ഫോണ്‍നമ്പരുകളുമുണ്ട്. മലയാളത്തിലെഴുതിയ കത്തുകളും ഡയറിയില്‍ തിരുകിയിരുന്നു. രണ്ട് സിം കാര്‍ഡുകളിലെ ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ പത്ത് നമ്പരുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ക്യൂ ബ്രാഞ്ച് ഡിഐജി ഈശ്വരമൂര്‍ത്തി, എസ്.പി ഭവാനീശ്വരന്‍ എന്നിവരുടെ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

Top