ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായി സൂചന.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം. പിടിയിലായ രൂപേഷ് മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ തലവനായതിനാല്‍ മാവോയിസ്റ്റുകള്‍ ഏത് രൂപത്തില്‍ പ്രതികരിക്കുമെന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെയും പൊലീസിന്റെയും ഉറക്കം കെടുത്തുന്നത്.
രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തുന്ന രൂപേഷിനെയും സംഘത്തെയും അനന്തമായി തടങ്കലില്‍ വച്ചാല്‍ ഇവരെ വിട്ടുകിട്ടാന്‍ കടുത്ത നടപടികളിലേക്ക് മാവോയിസ്റ്റുകള്‍ നീങ്ങുമോയെന്ന ആശങ്ക കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസിനുമുണ്ട്.
രൂപേഷും ഭാര്യ ഷൈനയും അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതാണ് ഇവര്‍ക്ക് പ്രധാനമായും തിരിച്ചടിയാവുക. നിലവില്‍ 20ഓളം കേസുകള്‍ രൂപേഷിനെതിരെ ഉണ്ടെങ്കിലും അതൊന്നും വലിയ ഗൗരവ സ്വഭാവമുള്ള കേസുകളല്ല.
എന്നാല്‍ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ച് രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇവരുടെ മോചനത്തിനുള്ള സാധ്യതയ്ക്ക് തിരിച്ചടിയാണ്. രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കാത്ത മാവോയിസ്റ്റുകള്‍ക്ക് നീതിപീഠത്തെ ആശ്രയിക്കുക മാത്രമെ ഇനി പോംവഴിയൊള്ളു.
രൂപേഷിന്റെയും സംഘത്തിന്റെയും മോചനത്തിനായി മകള്‍ ആമിയും കുടുംബവും മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തിറങ്ങിയത് പൊലീസിന് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.
‘തങ്ങളെ ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് ‘ ആരോപിച്ച രൂപേഷ്, എന്‍കൗണ്ടര്‍ ചെയ്ത് വകവരുത്താനായിരുന്നു ആന്ധ്ര പൊലീസിന്റെ പദ്ധതിയെന്ന് വ്യക്തമാക്കിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
രൂപേഷിനെയും സംഘത്തെയും കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കാതിരുന്ന ജയിലധികൃതര്‍ക്ക് കോടതി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതാണ് അപ്രതീക്ഷിത പ്രഹരമായത്.
നേതാക്കളെ വകവരുത്തുമ്പോഴും പിടികൂടുമ്പോഴും പ്രതികരിക്കാന്‍ രക്തരൂക്ഷിത പോരാട്ടം നടത്തിയും, വിഐപികളെ തട്ടിക്കൊണ്ടുപോയി വിലപേശിയും ചരിത്രമുള്ള മാവോയിസ്റ്റുകള്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴും പൊലീസിന്റെ പേടി സ്വപ്നമാണ്.
രൂപേഷും സംഘവും ഇത്തരം രക്ത രൂക്ഷിത പോരാട്ടത്തില്‍ ഇതുവരെ പങ്കാളികളായതായി വിവരമൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും നേതാക്കളുടെ അറസ്റ്റില്‍ കടുത്ത തിരിച്ചടിക്ക് മാവോയിസ്റ്റുകള്‍ തയ്യാറായാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ഭീതിയിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ കടുത്ത നിരീക്ഷണമേര്‍പ്പെടുത്തിയും വിഐപി സുരക്ഷ വര്‍ദ്ധിപ്പിച്ചും ജാഗ്രത പാലിക്കാനാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
മലയോര മേഖലകളില്‍ പൊതു പരിപാടിക്ക് പോകുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കനത്ത സുരക്ഷ ഒരുക്കാന്‍ കേരള, തമിഴ്‌നാട്, ആന്ധ്ര ആഭ്യന്തര വകുപ്പുകള്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായ പ്രകടനങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.