രോഹിത് ഇനി ക്രീസിലെ കിങ്

കൊല്‍ക്കത്ത: ഇന്നലെ 150ാം വാര്‍ഷികമാഘോഷിച്ച പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനംനിറച്ച് രോഹിത് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട്്. ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികളും സിക്‌സറുകളും ചീറിപ്പാഞ്ഞപ്പോള്‍ ചരിത്രം പലതും തിരുത്തിക്കുറിക്കപ്പെട്ടു.

ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അപ്രാപ്യമായിരുന്ന 250 റണ്‍സ് പോലും രോഹിത്തിനു മുന്നില്‍ ഒന്നുമല്ലായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍മാരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തച്ചുതകര്‍ത്ത രോഹിത് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയും ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണ് സ്വന്തം പേരി ല്‍ കുറിച്ചത്. പരിക്കുമൂലം രണ്ടു മാസത്തോളം ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന രോഹിത്തിന് ഇതിനേക്കാള്‍ മികച്ചൊരു തിരിച്ചുവരവ് ഇനി നടത്താനില്ല. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ നുവാന്‍ കുലശേഖരയുടെ ബൗളിങില്‍ മഹേല ജയവര്‍ധനയെക്കു പിടികൊടുത്ത് ക്രീസ് വിടുമ്പോഴേക്കും രോഹിത് പല റെക്കോഡുകളും പഴങ്കഥയാക്കിയിരുന്നു.

ഏകദിനത്തിലെ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ആദ്യതാരമെന്ന അപൂവ്വനേട്ടത്തിനും ഇന്നലെ താരം അര്‍ഹനായി. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് 2011ല്‍ ഇന്‍ഡോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്ഥാപിച്ച 219 റണ്‍സെന്ന റെക്കോഡാണ് രോഹിത് തകര്‍ത്തത്. ഇതിനുമുമ്പ് കഴിഞ്ഞ വര്‍ഷം ബംഗലൂരുവില്‍ ആസ്‌ത്രേലിയക്കെതിരേയാണ് താരം ആദ്യമായി ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അന്ന് 209 റണ്‍സായിരുന്നു രോഹിത്തിന്റെ സംഭാവന.

ഏകദിനത്തില്‍ ഇതുവരെ പിറന്ന നാലു ഡബിള്‍ സെഞ്ച്വറികളും ഇന്ത്യന്‍ താരങ്ങളുടെ പേരിലാണെന്നത് ശ്രദ്ധേമയാമാണ്. ഇവരെല്ലാം ഓപണര്‍മാരുമാണ്. 2000ല്‍ സചിന്‍ (200*) തുടങ്ങിവച്ചത് 2011ല്‍ സെവാഗ് (219) ഏറ്റെടുത്തപ്പോള്‍ പിന്നീട് രണ്ടുതവണയും രോഹിത്തിന്റെ ഊഴമായിരുന്നു.

രോഹിത്തിന്റെ മാസ്മരിക ഇന്നിങ്‌സിന്റെ മികവില്‍ ഇന്നലെ ഇന്ത്യ നിശ്ചിത ഓവറില്‍ നേടിയത് അഞ്ചു വിക്കറ്റിന് 404 റ ണ്‍സ്. മറുപടിയില്‍ 43.1 ഓവറില്‍ 251 റണ്‍സില്‍ ലങ്ക ബാറ്റ് വച്ച് കീഴടങ്ങി. 85 പന്തില്‍ നിന്നായി 75 റണ്‍സെടുത്ത എയ്്ഞ്ചലോ മാത്യുസാണ്് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. 59 റണ്‍സുമായി ലാഹിരു തിരിമണ്ണയും 34 റണ്‍സുമായി തിലകരത്‌നെ ദില്‍ഷനും പൊരുതിനോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ അതെല്ലാം പാഴാവുകയായിരുന്നു.ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ലങ്കന്‍ തോല്‍വിയുറപ്പായിരുന്നു. എത്ര ഓവര്‍ വരെ സന്ദര്‍ശകര്‍ ചെറുത്തുനില്‍ക്കുമെന്നു മാത്രമായിരുന്നു പിന്നീട് അറിയാനുണ്ടായിരുന്നത്.

വ്യക്തിഗത സ്‌കോര്‍ നാലു റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ ക്യാച്ച് ചെയ്തു പുറത്താക്കാന്‍ ലഭിച്ച അവസരം പാഴാക്കിയതിന് ഇത്രയും വലിയ തുക നല്‍കേണ്ടിവരുമെന്ന് ലങ്കക്കാര്‍ കരുതിയിട്ടുണ്ടാവില്ല.

Top