മുംബൈ: റായ്ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് മുംബൈ പോലീസിന് ലഭിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റിന് മുന്നില്‍ വൈകാതെ ഹാജരാക്കും.
ഷീനബോറ വധകേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇതോടെ പൊലിസിന് ലഭിച്ചിരിക്കുന്നത്. ഷീനബോറയെ കഴുത്തുഞെരിച്ചുകൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷീനയുടെ മാതാവും കേസിലെ പ്രധാന പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജ ി മകള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നുവെന്ന നിലപാടിലായിരുന്നു.
തലയോട്ടി പരിശോധനയിലൂടെ ഷീനബോറ തന്നെയാണ് വധിക്കപ്പെട്ടതെന്ന് തെളിഞ്ഞതോടെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം വരാനിരിക്കുകയാണ്. ഫലം പോസിറ്റീവ് ആകുകയാണെങ്കില്‍ പ്രതികള്‍ക്കെതിരെ കുറ്റമറ്റ ചാര്‍ജ് ഷീറ്റ് തയാറാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഷീനബോറയുടെ വിഡിയോകളും ഫോട്ടോകളും ലഭിച്ച തലയോട്ടിയും തമ്മിലുള്ള സാമ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയാണ് സ്‌കള്‍ഫോട്ടോ പരിശോധനയിലൂടെ ചെയ്യുന്നത്. തലയോട്ടിക്കു പുറമെ എല്ലുകളും പല്ലുകളും സംഭവസ്ഥലമായ റായ്ഗഡിലെ വനത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു.