റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം പതിനൊന്ന് ശതമാനം ഉയര്‍ന്നു

മുംബൈ:സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസക്കാലയളവില്‍ പതിനൊന്ന് ശതമാനം ഉയര്‍ന്ന് 6243 കോടി രൂപയിലെത്തി. റിഫൈനിംഗ് മാര്‍ജിനിലുണ്ടായ ഗണ്യമായ വര്‍ധനയാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ റിലയന്‍സിന് കരുത്തായത്.

മുന്‍വര്‍ഷം റിലയന്‍സിന്റെ ലാഭം 5631 കോടി രൂപയായിരുന്നു. ക്രൂഡോയില്‍ വിലയിലുണ്ടായ കനത്ത വിലയിടിവ് മൂലം കമ്പനിയുടെ വിറ്റുവരവ് 67,470 കോടി രൂപയായി മൂക്കുകുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റുവരവ് 103,428 കോടി രൂപയായിരുന്നു.

ഒരു ബാരല്‍ ക്രൂഡോയില്‍ ഇന്ധനമാക്കി മാറ്റുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10.1 ഡോളറിന്റെ വരുമാനമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ലഭിച്ചത്. ഓഹരി ഒന്നിന് പത്ത് രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Top