ഓക്ക്‌ലന്‍ഡ്: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മല്‍സരത്തോടെ കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ച സിംബാബ്‌വെ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ വിടവാങ്ങല്‍ മല്‍സരം അവിസ്മരണീയമാക്കി. ഇന്ത്യയ്‌ക്കെതിരെ 110 പന്തില്‍ 15 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പടെ 138 റണ്‍സെടുത്ത ടെയ്‌ലര്‍, സിംബാബ്‌വെയ്ക്കുവേണ്ടി ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
എട്ടാം ഏകദിനസെഞ്ചുറി നേടിയ ടെയ്‌ലര്‍ അലിസ്റ്റര്‍ ക്യാംപലിന്റെ ഏഴ് സെഞ്ചുറി എന്ന റെക്കോര്‍ഡാണ് മറികടന്നത്. സിംബാബ്‌വെയ്ക്ക് വേണ്ടി ഒരു ലോകകപ്പില്‍ 400 റണ്‍സ് തികച്ച ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും ടെയ്‌ലര്‍ സ്വന്തം പേരിലാക്കി.
ഈ ലോകകപ്പില്‍ 433 റണ്‍സെടുത്ത ടെയ്‌ലര്‍, ഒരൊറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന സിംബാബ്‌വെ ബാറ്റ്‌സ്മാനുമായി. 1999 ലോകകപ്പില്‍ 367 റണ്‍സെടുത്ത നീല്‍ ജോണ്‍സന്റെ റെക്കോര്‍ഡാണ് ടെയ്‌ലര്‍ മറികടന്നത്.
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ചുറി നേടുന്ന ആദ്യ സിംബാബ്‌വെ താരമെന്ന് നേട്ടവും ടെയ്‌ലര്‍ സ്വന്തമാക്കി. ഒടുവില്‍ മോഹിത് ശര്‍മ്മയുടെ പന്തില്‍ ശിഖര്‍ ധവാന് പിടിനല്‍കി ടെയ്‌ലര്‍ മടങ്ങിയപ്പോള്‍ കാണികള്‍ ഒന്നാകെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആദരവ് നല്‍കിയത്. സിംബാബ്‌വെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ ടെയ്‌ലറെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ അനുമോദിച്ചു.