റെക്കോര്‍ഡ് വില്‍പ്പനയോടെ മെഴ്‌സീഡിസ് ബെന്‍സ്

ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്‌സീഡിസ് ബെന്‍സ് മാര്‍ച്ചില്‍ നേടിയത് റെക്കോര്‍ഡ് വില്‍പ്പന. മെഴ്‌സീഡിസ് ബെന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയ്ക്കാണു മാര്‍ച്ച് സാക്ഷ്യം വഹിച്ചത്.

ആഗോളതലത്തില്‍ 1,83,467 വാഹനങ്ങളാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്; 2014 മാര്‍ച്ചുമായി താരതമ്യം ചെയ്താല്‍ 15.7% വളര്‍ച്ചയാണിത്. യൂറോപ്പിലെ വില്‍പ്പന മാര്‍ച്ചില്‍ 16.3% ഉയര്‍ന്നപ്പോള്‍ ചൈനയിലെ വില്‍പ്പനയില്‍ 20.8% വര്‍ധനയാണു രേഖപ്പെടുത്തിയത്. ‘എ ക്ലാസ്, ‘ബി ക്ലാസ്, സി എല്‍ എ ക്ലാസ്, ‘ജി എല്‍ എ ക്ലാസ് തുടങ്ങി ചെറുകാര്‍ ശ്രേണിയുടെ വില്‍പ്പനയിലാണു വന്‍മുന്നേറ്റം പ്രകടമായതെന്നും കമ്പനി വിശദീകരിച്ചു.

യൂറോപ്യന്‍ വിപണികള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതും ചൈനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുമാണു മെഴ്‌സീഡിസ് ബെന്‍സിന്റെ പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചത്.

ഇന്ത്യയിലും കഴിഞ്ഞ ജനുവരി – മാര്‍ച്ച് ത്രൈമാസത്തില്‍ തകര്‍പ്പന്‍ പ്രകടനമാണു മെഴ്‌സീഡിസ് ബെന്‍സ് കാഴ്ചവച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ വില്‍പ്പനയില്‍ നേതൃസ്ഥാനത്തുള്ള ഔഡിയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും കമ്പനിക്കു കഴിഞ്ഞു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ 3,566കാറുകളാണു മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യ വിറ്റത്; 2014ന്റെ ആദ്യ മൂന്നു മാസത്തെ അപേക്ഷിച്ച് 40% വര്‍ധന. 2015 ജനുവരി – മാര്‍ച്ച് കാലത്ത് 3,181 കാറുകളായിരുന്നു ഔഡിയുടെ വില്‍പ്പന. 2014 – 15ലെ ആഡംബര കാര്‍ വില്‍പ്പനയിലാവട്ടെ വെറും 79 യൂണിറ്റിന്റെ മുന്‍തൂക്കത്തിലാണ് ഔഡി ആദ്യ സ്ഥാനം നിലനിര്‍ത്തിയത്. 2014 – 15ല്‍ ഔഡി 11,292 യൂണിറ്റും മെഴ്‌സീഡിസ് ബെന്‍സ് 11,213 യൂണിറ്റും വിറ്റെന്നാണു കണക്ക്.

ഇന്ത്യന്‍ ആഡംബര കാര്‍ വിപണി പിടിക്കുന്നതിന്റെ ഭാഗമായി ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ വാരിക്കോരി നല്‍കിയാണു മെഴ്‌സീഡിസ് ബെന്‍സിന്റെയും ഔഡിയുടെയും വില്‍പ്പന. ജര്‍മനിയില്‍ നിന്നു തന്നെയുള്ള ബി എം ഡബ്ല്യുവാകട്ടെ വിലക്കിഴിവ് നല്‍കാനുള്ള വിസമ്മതം പ്രഖ്യാപിച്ച് ബഹുദൂരം പിന്നിലായി മൂന്നാം സ്ഥാനത്തു തുടരുകയാണ്.

Top