റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് ഇന്തൊനീഷ്യയിലേക്കും

റോയല്‍ എന്‍ഫീല്‍ഡിന്റെ ‘ബുള്ളറ്റ്’ മോട്ടോര്‍ സൈക്കിളുകള്‍ ഇന്തൊനീഷ്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ഐഷര്‍ ഗ്രൂപ്പില്‍പെട്ട റോയല്‍ എന്‍ഫീല്‍ഡ്, ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നിലായി ലോകത്തെ തന്നെ മൂന്നാമത്തെ ഇരുചക്രവാഹന വിപണിയായ ഇന്തൊനീഷ്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്.

250 – 750 സി സി എന്‍ജിനുള്ള മോട്ടോര്‍ സൈക്കിളുകള്‍ ഇടംപിടിക്കുന്ന ഇടത്തരം വിഭാഗത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

ഈ 30 വരെ തുടരുന്ന ഗൈകിന്‍ഡൊ ഇന്തൊനീഷ്യ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രഖ്യാപനം.

‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘ക്ലാസിക് ക്രോം’, ‘കോണ്ടിനെന്റര്‍ ജി ടി’ എന്നിവയാണു റോയല്‍ എന്‍ഫീല്‍ഡ് ജി ഐ ഐ എ എസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ സുരക്ഷയ്ക്കുള്ള റൈഡിങ് ഗീയറുകളും അടുത്തയിടെ കമ്പനി പുറത്തിറക്കിയ ഡെസ്പാച് റൈഡര്‍ വസ്ത്രങ്ങളും അക്‌സസറികളും സ്റ്റാളിലുണ്ട്.

രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍ ആദ്യ ഡീലര്‍ഷിപ് തുറന്നാവും റോയല്‍ എന്‍ഫീല്‍ഡ് ഇന്തൊനീഷ്യയില്‍ ‘ബുള്ളറ്റ്’ വില്‍പ്പന ആരംഭിക്കുക. ജക്കാര്‍ത്തയിലെ പി ടി ഡിസ്ട്രിബ്യൂട്ടര്‍ മോട്ടോര്‍ ഇന്തൊനീഷ്യയാണു കമ്പനിയുടെ പ്രാദേശിക പങ്കാളി.

കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായി മൂന്നു ലക്ഷത്തോളം ബൈക്കുകളാണു റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. ഇക്കൊല്ലം ഡിസംബറിനുള്ളില്‍ നാലര ലക്ഷം ബൈക്കുകള്‍ വില്‍ക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

Top