പനാജി: ബിജെപിയിലെ മുതിര്‍ന്ന നേതാവ് ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു. നിലവിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് പോകുന്നതിനാല്‍ രാജിവെച്ച സാഹചര്യത്തിലാണ് പര്‍സേക്കര്‍ മുഖ്യമന്ത്രിയാകുന്നത്. മാന്‍ഡ്രേമില്‍ നിന്നുള്ള നിയമസഭാംഗമാണ് പര്‍സേക്കര്‍.
ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ലക്ഷ്മികാന്ത് പര്‍സേക്കറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ എന്നിവരുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു.
ഇന്നു ചേര്‍ന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിലാണ് പര്‍സേക്കറെ തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളായ രാജീവ് പ്രതാപ് റൂഡി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം. പരീക്കറാണ് പര്‍സേക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതെന്നും ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ അതിനെ പിന്താങ്ങുകയുമായിരുന്നെന്ന് രാജീവ് പ്രതാപ് റൂഡി മാധ്യമങ്ങളോട് പറഞ്ഞു