ലാത്തിച്ചാര്‍ജുകള്‍ തുടക്കം; പോരാട്ടത്തിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ എസ്.എഫ്.ഐ

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തില്‍ നിന്നും തിരിച്ചറിവു നേടിയ സി.പി.എം നേതൃത്വം എസ്.എഫ്.ഐയെ സമരസജ്ജമാക്കി ആഞ്ഞടിക്കുന്നു.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവൈകല്യങ്ങള്‍ക്കെതിരെ ശക്തമായ സമരം നടത്താത്ത ‘ബാലസംഘമെന്ന് ‘ പഴി കേള്‍ക്കേണ്ടി വന്ന എസ്.എഫ്.ഐ നേതൃത്വമാണ് സമരരംഗത്തു ശക്തമായി തിരിച്ചെത്തിയത്.

ഓണപ്പരീക്ഷ അടുത്തിട്ടും സ്‌കൂളുകളിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഇന്ന് എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചും കോഴിക്കോട്ടും കോട്ടയത്തും നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും വന്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതോടെ സമരം വരുംനാളില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

കെ.എസ്.എയു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടും എസ്.എഫ്.ഐ കരിങ്കൊടി സമരത്തില്‍ ഒതുങ്ങി നില്‍ക്കുന്നത് ഏറെ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ലീഗിന്റെ ഭീഷണിയില്‍ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ഉപേക്ഷിച്ചതോടെ എസ്.എഫ്.ഐ കരുത്തോടെ സമരരംഗത്തേക്കിറങ്ങുകയായിരുന്നു.

എസ്.എഫ്.ഐയുടെ ചുമതലയില്‍ നിന്നും ഇ.പി ജയരാജന്‍ മാറി എ.കെ ബാലന്‍ എത്തിയതോടെയാണ് സംഘടന സമരവീര്യം വീണ്ടെടുത്തത്. വി.എസ് ആഭിമുഖ്യമെന്ന പേരില്‍ പ്രധാന നേതാക്കളെ വെട്ടിനിരത്തിയാണ് എസ്.എഫ്.ഐയില്‍ ജയരാജന്‍ സമരപരിചയമില്ലാത്തവരെ നേതൃരംഗത്തേക്ക് കൊണ്ടുവന്നത്. ഇത് സംഘടനയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരുന്നു.

മുന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറിയായതോടെയാണ് ജയരാജനെ മാറ്റി എ.കെ ബാലനെ എസ്.എഫ്.ഐയെ ശക്തിപ്പെടുത്താനുള്ള ചുമതല ഏല്‍പ്പിച്ചത്.

എസ്.എഫ്.ഐ നടത്തുന്ന സമരം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐയെക്കൂടി രംഗത്തിറക്കി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ന്യൂ ജനറേഷന്‍ വോട്ടുകള്‍ ബി.ജെ.പി കരസ്ഥമാക്കിയത് അപകട സൂചനയായി കാണുന്ന സി.പി.എം, അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ബി.ജെ.പിയുടെ പ്രചരണത്തെ അതിജീവിക്കാന്‍കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സര്‍വ്വ ശക്തിയുമെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നത്.

Top