ലിബിയന്‍ അഭയാര്‍ഥി ബോട്ടില്‍ 40 പേര്‍ മരിച്ച നിലയില്‍; 320 പേരെ രക്ഷിച്ചു

ട്രിപളി: ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടില്‍ 40 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ കടലില്‍ 21 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് ഇറ്റാലിയന്‍ നാവികസേന മത്സ്യബന്ധന ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇറ്റാലിയന്‍ ദ്വീപായ ലംപേഡുസയുടെ തെക്കന്‍ പ്രദേശത്താണ് സംഭവം.

ബോട്ടിന്റെ എന്‍ജിനില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണം. 10 സ്ത്രീകളും കുട്ടികളുമടക്കം 320ലധികം പേരെ ഇറ്റാലിയന്‍ നാവികസേനാ രക്ഷപ്പെടുത്തി. മതിയായ ഭക്ഷണമോ സുരക്ഷാ സംവിധാനങ്ങളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. ലിബിയയില്‍ നിന്ന് കടലിലൂടെ അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത് നിത്യ സംഭവമാണ്.

ലിബിയ, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം രണ്ടര ലക്ഷം പേര്‍ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ അധികൃതരുടെ കണക്ക്. രണ്ടായിരത്തോളം പേര്‍ അനധികൃത കുടിയേറ്റത്തിനിടെ മരിച്ചിട്ടുണ്ടെന്ന് യു.എന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂവായിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചിട്ടുണ്ട്.

ആഭ്യന്തര യുദ്ധവും പട്ടിണിയും കാരണം വടക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്പിലേക്ക് കുടിയേറ്റം നടത്തുന്നത്.

Top